യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത് 52 വർഷത്തിനുശേഷം

പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിൻ ഡി.റൂസ്‌വെൽറ്റ്, ഹാരി എസ്. ട്രൂമാൻ, ജെറാൾഡ് ഫോഡ്, റൊണാൾഡ് റീഗൻ, ജോർജ് ബുഷ്, തിയോഡോർ റൂസ്‌വെൽറ്റ് എന്നിവർക്കുനേരെയും വധശ്രമങ്ങളുണ്ടായി. ജെറാൾഡ് ഫോഡിനുനേരെ 2 തവണയാണു വധശ്രമമുണ്ടായത്. 

author-image
Anagha Rajeev
New Update
Abraham-Lincoln
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൻ∙ യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്ന സംഭവം 52 വർഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാർഥിക്കു നേരെ ആക്രമണമുണ്ടായത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നോമിനേഷൻ നൽകിയിരുന്ന ജോർജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാൻഡിൽ പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്ന വാലസിനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്നു വാലസിൻ്റെ ശരീരം ഭാഗികമായി തളർന്ന 1998ൽ മരിക്കുന്നതുവരെ വീൽചെയറിലായിരുന്നു.

അതിനുമുമ്പു അടിക്കടി നേതാക്കൾക്കുനേരെ ആക്രമണങ്ങളുണ്ടായി. 4 യുഎസ് പ്രസിഡന്റുമാരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 1865ൽ എബ്രഹാം ലിങ്കനാണ് ആദ്യം കൊല്ലപ്പെടുന്ന യുഎസ് പ്രസിഡന്റ്. കറുത്തവരുടെ അവകാശങ്ങൾക്കു പിന്തുണ നൽകിയതിന്റെ പേരിൽ ജോൺ വിൽകെസ് ബൂത്താണ് ലിങ്കനുനേരെ വെടിയുതിർത്തത്. 

1881ൽ യുഎസിന്റെ 20ാമത് പ്രസിഡന്റ് ജെയിംസ് ഗാർഫീൽഡ് വെടിയേറ്റു മരിച്ചതാണു രണ്ടാമത്തെ സംഭവം. ചാൾസ് ഗിറ്റൂ എന്നയാളായിരുന്നു പ്രതി. 1901ൽ 25ാമത്തെ പ്രസി‍ഡന്റ് വില്യം മ‌ക്‌കിൻലി, 35ാം പ്രസിഡന്റ് ജോൺ എഫ്. കെന്നഡി എന്നിവരാണു പിന്നീട് കൊല്ലപ്പെട്ടവർ. രണ്ടുപേരും കൊല്ലപ്പെട്ടത് വെടിയേറ്റ്.

പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിൻ ഡി.റൂസ്‌വെൽറ്റ്, ഹാരി എസ്. ട്രൂമാൻ, ജെറാൾഡ് ഫോഡ്, റൊണാൾഡ് റീഗൻ, ജോർജ് ബുഷ്, തിയോഡോർ റൂസ്‌വെൽറ്റ് എന്നിവർക്കുനേരെയും വധശ്രമങ്ങളുണ്ടായി. ജെറാൾഡ് ഫോഡിനുനേരെ 2 തവണയാണു വധശ്രമമുണ്ടായത്. 

1968ൽ കലിഫോർണിയയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി ജയിച്ച റോബർട്ട് എഫ്. കെന്നഡി ലൊസാഞ്ചലസിൽ വെടിയേറ്റ് മരിച്ചു. ജോൺ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബർട്ട്.

US presidential attack