ഇസ്രയേല്‍ നീക്കത്തില്‍ ഞെട്ടിവിറച്ച് ലോകം

ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്.

author-image
Rajesh T L
New Update
pger blasts
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെയ്‌റൂട്ട്: രാത്രി ഏറെ വൈകി ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ അതീവ രഹസ്യമായി സന്ദേശം കൈമാറാന്‍ ഉപയോഗിക്കുന്ന പേജര്‍ സംവിധാനം. ഒരോരുത്തരും കൂട്ടമായും ഇവ ഉപയോഗിക്കുന്നുണ്ട്. സെക്കന്‍ഡുകളുടെ ഇടവേളകളില്‍ ഇവയില്‍ നിന്ന് ഓരോ ബീപ് ശബ്ദവും വലിയ പൊട്ടിത്തെറിയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിന് മുമ്പുതന്നെ ലബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളോരോന്നും ചോരക്കളമായി മാറിയിരുന്നു അപ്പോഴേക്കും.

രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവരങ്ങള്‍ പോലും കൈമാറാന്‍ സാധിക്കാതെ നെട്ടോട്ടമോടുന്നവര്‍... അങ്ങനെ ഒരിക്കല്‍ക്കൂടി ഇസ്രയേല്‍ തെളിയിച്ചു... സങ്കേതികവിദ്യയില്‍ തങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്ന്... അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ ദിവസം ലബനനിലുടനീളം കണ്ടത്.

ലബനനില്‍ ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള അറിയിച്ചുകഴിഞ്ഞു. അതേസമയം ലബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. 'ഗോള്‍ഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്.

പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. അവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കുന്നു. ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നാണ് സൈനിക വിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നത്.

ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുള്ള കാണുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇതോടെ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കൂടി എത്തി 

പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയാണ്... ഇസ്രയേലില്‍ നിന്നുള്ള പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം, ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുമായി ഒരു തുറന്ന യുദ്ധത്തിന്, അതായത് ഒരു ഓള്‍ ഔട്ട് വാറിനുള്ള കോപ്പുകൂട്ടലിലാണ് ബെഞ്ചമിന്‍ നെതന്യാഹു. അതിന്റെ ഭാഗമായി നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കാനുള്ള നീക്കത്തിലാണ് നെതന്യാഹു. 

നിലവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി, ഗീദോന്‍ സാറെന്ന വലതുപക്ഷക്കാരനായ നേതാവിനെ പകരക്കാരനാക്കാന്‍ നെതന്യാഹു തയാറാകുന്നു എന്നതാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍. ലെബനനുമായി ഒരു തുറന്ന യുദ്ധത്തെ എതിര്‍ത്തിരുന്നയാളായിരുന്നു ഗാലന്റ്. ഒപ്പം ഫിലഡെല്‍ഫി ഇടനാഴി എന്ന ഈജിപ്ത്- ഗാസ അതിര്‍ത്തിയില്‍നിന്ന് പിന്മാറി, വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണമെന്നും ഗാലന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏകദേശം 18 വര്‍ഷമായി ഇസ്രയേലിന്റെ അധികാരക്കസേരയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന നെതന്യാഹുവിന്റെ അധികാരമോഹങ്ങള്‍ക്ക് എതിരായിരുന്നു യോവ് ഗാലാന്റിന്റെ ഓരോ അഭിപ്രായപ്രകടനങ്ങളും... അതുകൊണ്ടുതന്നെ ഗാലന്റിനെ മാറ്റാനുള്ള ആലോചന വളരെ നേരത്തെ തുടങ്ങിയതാണ്.

നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ തുടരുക വളരെ പ്രധാനമാണ്. ഗാസയിലെ ആക്രമണങ്ങള്‍ അവസാനിച്ചാല്‍, നെതന്യാഹുവിന് രാജി വയ്ക്കേണ്ടി വരുമെന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടാണ് വെടിനിര്‍ത്തല്‍ കരാറിനുള്ള എല്ലാവിധ നീക്കങ്ങളെയും നെതന്യാഹു തടഞ്ഞിരുന്നത്. ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് പിന്‍വാങ്ങുന്നത് ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദങ്ങളൊക്കെ അതിന്റെ ഭാഗമായിരുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരില്‍ ആറുപേര്‍ അടുത്തിടെ കൊല്ലപ്പെട്ടതോടെ ബന്ദി കൈമാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദം നെതന്യാഹുവിന് മേല്‍ ഏറിവരികയായിരുന്നു. അപ്പോഴായിരിക്കണം ലെബനനുമായൊരു തുറന്ന യുദ്ധമെന്ന ആശയത്തിലേക്ക് നെതന്യാഹു എത്തിയിട്ടുണ്ടാകുക. അതിന് വേണ്ടിയുള്ള കളമൊരുക്കലിന്റെ ഭാഗമാണ് യോവ് ഗാലാന്റിനെ നീക്കി, ബന്ദി കൈമാറ്റ ചര്‍ച്ചകളെ പരസ്യമായി എതിര്‍ക്കുന്ന ഗീദോന്‍ സാറിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം.

ഗീദോന്‍ സാറിനെ പോലൊരാളെ പ്രതിരോധ മന്ത്രിയാക്കുന്നതില്‍, ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ യോവ് ഗാലന്റിനെ മാറ്റാനുള്ള നീക്കത്തിനെതിരെ അമേരിക്ക ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം തന്റെ നിലനില്‍പ്പ് മാത്രമാണ് വിഷയം. അതിനുവേണ്ടി ആരെയൊക്കെ ബലി കൊടുക്കേണ്ടി വന്നാലും അത് നിര്‍ദാക്ഷണ്യം നടപ്പാക്കും. അത് ഒക്ടോബര്‍ ഏഴിന് ശേഷമുള്ള നെതന്യാഹുവിന്റെ ഓരോ ചുവടുവയ്പ്പിലും പ്രകടവുമായിരുന്നു.

ഗാലന്റിനെ മാറ്റുന്നതിലൂടെ, തന്റെ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന തീവ്രവലതുപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. നിര്‍ബന്ധിത സൈനിക സേവനത്തിനായി തീവ്ര യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നുള്ള പുരുഷന്മാരെയും റിക്രൂട്ട് ചെയ്യണമെന്ന ഇസ്രയേലി സുപ്രീംകോടതിയുടെ വിധി നെതന്യാഹുവിന് വലിയ തിരിച്ചടിയായിരുന്നു. ഇത് നടപ്പാക്കാന്‍ ഗാലന്റ് തുനിയുകയും ചെയ്തതോടെ സര്‍ക്കാരിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി വരെ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഗാലന്റിനെ മാറ്റുന്നതിലൂടെ തീവ്രവലതുപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്താമെന്ന് കൂടിയാണ് നെതന്യാഹു കരുതുന്നത്. അങ്ങനെ ഒരുവെടിക്ക് രണ്ടുപക്ഷി എന്നുപറയും പോലെയാണ് നെതന്യാഹുവിന്റെ കരുനീക്കങ്ങള്‍.

lebanon israel iran