ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമി യഹിയ സിന്‍വറും കൊല്ലപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് യഹിയ സിന്‍വര്‍ തിരിച്ചെത്തിയിരിക്കുന്നു. ഇസ്രയേലിന്റെ അവകാശ വാദങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറി സിന്‍വറിന്റെ പ്രത്യക്ഷപ്പെട്ടല്‍.
ഹനിയുടെ മരണത്തിനു തൊട്ടുപിന്നാലെ പുതിയ ഹമാസ് മേധാവിയും കൊല്ലപ്പെട്ടത് വലിയ വിജയമായി ഇസ്രയേല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സിന്‍വാര്‍ വെടിനിര്‍ത്തല്‍ മധ്യസ്ഥരുമായി ബന്ധപ്പെട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഖത്തറിലെ ഗസ വെടിനിര്‍ത്തലിന് മധ്യസ്ഥരായി നില്‍ക്കുന്നവര്‍ക്ക് സന്ദേശം അയച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ യഹിയ സിന്‍വറും കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രയേല്‍ അവകാശപ്പെട്ടത്. ഇസ്രയേലി മാധ്യമങ്ങളും നിരീക്ഷകരും സിന്‍വറിനെ കാണാനില്ലെന്നും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനോട് താല്‍പര്യമില്ലെന്നും അതിനാലാണ് സിന്‍വര്‍ ഇടനിലക്കാരുമായി ബന്ധപ്പെട്ടതെന്നും ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിന്‍വര്‍ ബന്ദി, വെടിനിര്‍ത്തല്‍ വിഷയങ്ങളില്‍ തന്റെ മുന്‍ നിലപാട് മാറ്റിയിട്ടില്ലെന്നും ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് നേതാവ് 25 കിലോഗ്രാം ഡൈനാമിറ്റും ശരീരത്തില്‍ വഹിച്ചുകൊണ്ടാണ് നടക്കുന്നതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 7 ലെ ഇസ്രയേല്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ ഗസയിലെ തുരങ്കത്തിലൂടെ ഡൈനാമിറ്റുമായി പോകുന്ന സിന്‍വാറിന്റെ ദൃശ്യം പ്രചരിച്ചിരുന്നു.
ഹമാസ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷം സിന്‍വര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം പോലും വളരെ അപൂര്‍വമായി മാത്രമേ യഹിയ പൊതുവേദികളില്‍ എത്തിയിട്ടുള്ളൂ.
ഇസ്രയേല്‍ ചാരക്കണ്ണുകളെ വെട്ടിച്ചാണ് സിന്‍വര്‍ ഒളിവില്‍ പോയതെന്നാണ് കണക്കുകൂട്ടല്‍.
ഇസ്മയില്‍ ഹനിയെയുടെ കാലത്ത് ഗാസയില്‍ ഹമാസിനെ നയിച്ചത് യഹിയ സിന്‍വര്‍ ആയിരുന്നു. ജൂലായ് 31-നായിരുന്നു ടെഹ്റാനില്‍ വെച്ച് ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടത്. ഹനിയെയുടെ കൊലപാതകത്തിന് മുന്‍പേ തന്നെ ഹമാസിന്റെ അടുത്ത നേതാവാകാന്‍ കെല്‍പ്പുള്ള ആളെന്ന വിശേഷണം യഹിയയ്ക്ക് ചാര്‍ത്തിക്കിട്ടിയിരുന്നു.
ഹമാസിന്റെ സൈനികശക്തി മെച്ചപ്പെടുത്തുന്നതില്‍ അഹോരാത്രം പ്രയത്നിച്ച നേതാവ് കൂടിയാണ് അദ്ദേഹം. പൊതുവേ കര്‍ക്കശക്കാരനും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന പ്രകൃതവുമാണ് സിന്‍വര്‍.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലികളായ 1200 പേരാണ് കൊല്ലപ്പെട്ടത്. മൂന്നൂറോളം പോരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
2017 മുതലാണ് ഗാസയില്‍ ഹമാസിനെ നയിക്കാനുള്ള ഉത്തരവാദിത്തം യഹിയ സിന്‍വറിലേക്കെത്തിയത്. അതുവരെ താരതമ്യേനെ ദുര്‍ബലമായിരുന്ന ഹമാസിനെ ഇന്ന് കാണുന്ന ഇസ്രയേലിന്റെ മുഖ്യ എതിരാളിയാക്കി മാറ്റിയതിന് പിന്നില്‍ സിന്‍വറിന്റെ സംഘടനാപാടവവും അധികാരവും സ്വാധീനവുമാണുള്ളത്.
2017-ല്‍ ഹമാസിന്റെ ഗാസയിലെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പൊതുവേദികളില്‍ സിന്‍വര്‍ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. വളരെ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട പൊതുയോഗങ്ങളിലൊന്നില്‍ സിന്‍വര്‍ തന്നെ കൊലപ്പെടുത്താന്‍ ഇസ്രയേലിനെ വെല്ലുവിളിക്കുക പോലും ചെയ്തു.
യഹിയ അടക്കമുള്ള ഇസ്രയേല്‍. ഹമാസ് നേതാക്കളെയടക്കം പൂര്‍ണമായും ഇല്ലാതാക്കണമെന്ന് ഇസ്രയേല്‍ സൈന്യം പലകുറി പലതരത്തില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ യഹിയ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഹമാസ് വൃത്തങ്ങള്‍ ഇത് തള്ളിക്കളയുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.