ഇസ്രയേല്‍ കാബിനറ്റും ചോരുന്നു; ഇനി മുതല്‍ ബങ്കറില്‍

ഹിസ്ബുള്ളയുടെയും ഇറാന്റെയും ആയുധങ്ങള്‍ ഏത് നിമിഷവും തങ്ങളെ ലക്ഷ്യമാക്കി എത്തിയേക്കാമെന്ന ഭീതിയിലാണ് ഇസ്രയേല്‍. ഇസ്രയേല്‍ മന്ത്രിസഭാ യോഗം ഇനി മുതല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിൽ

author-image
Rajesh T L
New Update
J

ഹിസ്ബുള്ളയുടെയും ഇറാന്റെയും ആയുധങ്ങള്‍ ഏത് നിമിഷവും തങ്ങളെ ലക്ഷ്യമാക്കി എത്തിയേക്കാമെന്ന ഭീതിയിലാണ് ഇസ്രയേല്‍. ഇസ്രയേല്‍ മന്ത്രിസഭാ യോഗം ഇനി മുതല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലോ, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആസ്ഥാനത്തോ സംഘടിപ്പിക്കില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

സുരക്ഷാ ആശങ്കകള്‍ കാരണമാണ് പുതിയ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. അടുത്തിടെ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെയുള്ള ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ഒക്ടോബര്‍ 28ന് രാവിലെ കാബിനറ്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ്, യോഗസ്ഥലം മാറ്റിയ വിവരം മന്ത്രിമാരെ നാടകീയമായി അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുമെന്നറിയിച്ച യോഗം ഭൂഗര്‍ഭ ഹാളിലാണ് പിന്നീട് നടന്നത്. പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഈ വിവരവും പിന്നീട് ചോര്‍ന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന് പകരം ഗവണ്‍മെന്റ് കാമ്പസിലെ ജനാരി ബില്‍ഡിങ്ങിലുള്ള സുരക്ഷിതമായ ഭൂഗര്‍ഭ ഹാളിലാണ് യോഗം നടക്കുകയെന്നാണ് മന്ത്രിമാര്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നത്. മന്ത്രിസഭയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവര്‍ മാത്രമേ കെട്ടിടത്തിലേക്ക് പ്രവേശിക്കാവൂയെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍ ഹിസ്ബുള്ളയുമായും ഹൂതികളുമായും ചേര്‍ന്ന് സംയുക്ത ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഇസ്രയേലിന് കയ്‌പ്പേറിയതും, സങ്കല്‍പിക്കാനാവാത്തതുമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ ലഭ്യമായ എല്ലാ സംവിധാനവും തങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ ഈ പ്രഖ്യാപനത്തെ നിസാരമായി ഇസ്രയേല്‍ കാണുന്നില്ല. അവരുടെ അനുഭവവും അത് തന്നെയാണ്. ഹമാസ് മേധാവിയെ ഇറാനില്‍ കയറി വധിച്ചതിന് പ്രതികാരമായി, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് 200 ഓളം മിസൈലുകള്‍ അയച്ചാണ്. ഇറാനില്‍ നിന്നും നേരിട്ട് തൊടുത്തുവിട്ട മിസൈലുകളാണ് 2,000 കിലോമീറ്റര്‍ താണ്ടി ഇസ്രയേലില്‍ പതിച്ചത്. അയണ്‍ ഡോം മിക്ക മിസൈലും തടുത്തിട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ഇസ്രയേലിന്റെ സൈനിക താവളങ്ങളിലും, മൊസാദിന്റെ ആസ്ഥാനത്തിന് തൊട്ട് മുന്നിലും ഇറാന്റെ മിസൈലുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇസ്രയേല്‍ വാദം പൊളിക്കുന്നതായിരുന്നു.

എഫ് 35 യുദ്ധ വിമാനങ്ങള്‍ തമ്പടിച്ച വ്യോമതാവളം വരെ ഇറാന്‍ ആക്രമിച്ചു. ഇത് അയണ്‍ ഡോമിന്റെ പ്രതിരോധശക്തിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതേത്തുടര്‍ന്നാണ് അമേരിക്കയില്‍ നിന്നും 'താഡ്' പ്രതിരോധ സംവിധാനം ഇസ്രയേല്‍ കൊണ്ടുവന്നത്. 'താഡിനാകട്ടെ' ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ കുതിച്ചുവന്ന ഹിസ്ബുള്ളയുടെ ഡ്രോണിനെ തകര്‍ക്കാനും കഴിഞ്ഞില്ല.

ഇറാന്‍ സ്വന്തം രാജ്യത്ത് നിന്നും നേരിട്ട് മിസൈല്‍ വര്‍ഷിച്ചാണ് ഇസ്രയേലിനെ ആക്രമിച്ചതെങ്കില്‍, ഇസ്രയേല്‍ തിരിച്ചടിച്ചത് ഇറാന്റെ അയല്‍ രാജ്യമായ ഇറാഖിലെ അമേരിക്കയുടെ വ്യോമ മേഖലയില്‍ നിന്നുകൊണ്ടാണ്. അത് അവര്‍ ഉദ്ദേശിച്ച ഫലം കണ്ടതുമില്ല. ഇസ്രയേലിന്റെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇറാന് കഴിഞ്ഞു. ഇതില്‍ റഷ്യന്‍ ടെക്‌നോളജിയും ഇറാന് ഏറെ സഹായകരമായിട്ടുണ്ട്. ഇറാനിലെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെങ്കിലും നാല് ഇറാന്‍ സൈനികര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്.

GH

ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ ആ ജനത മുഴുവന്‍ ബങ്കറില്‍ ഒളിച്ചതുകൊണ്ട് മാത്രമാണ് ആള്‍നാശം സംഭവിക്കാതിരുന്നത്. എന്നാല്‍, ഇത്തരമൊരു ബങ്കറുകളും ഇല്ലാത്ത ഇറാനില്‍ ഇസ്രയേല്‍ മിസൈലുകളെ ആകാശത്ത് വച്ചുതന്നെ പൊട്ടിച്ച് കളഞ്ഞത് കൊണ്ടാണ് വലിയ ആള്‍നാശമുണ്ടാകാതിരുന്നത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി പങ്കുവച്ചിട്ടുണ്ട്. ഇസ്രയേലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ലെന്നും ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിന് കാരണമാകുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധത്തില്‍ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

israel and hamas conflict israel airstrike iran israel conflict underground submarine bunker israel and hezbollah war