ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഗസയില്‍ നിന്ന് സൈന്യം പൂര്‍ണമായും പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്. നിലപാടില്‍ ഒരുമാറ്റവുമില്ലെന്നാണ് ഹമാസ് സീനിയര്‍ നേതാവ് സമി അബൂ സുഹ്രി പറഞ്ഞത്.മാത്രമല്ല, വടക്കന്‍ ഗസയില്‍ ഇസ്രായേലിന്റെ ഉപരോധവും ആക്രമണവും ഉടന്‍ അവസാനിപ്പിക്കണമെന്നും അതിനായി, അന്തര്‍ദേശീയ സമൂഹം ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി ദോഹയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമില്ലാതെ പിരിഞ്ഞു. അതിനിടെ, ദോഹയില്‍ ചര്‍ച്ചക്കെത്തിയ ഇസ്രായേല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഒറെന്‍ സെറ്റര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതാണ് രാജിക്ക് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വടക്കന്‍ ഗസയില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍ മുന്നോട്ടുപോകുകയാണ്. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്നു. ചൊവ്വാഴ്ച മാത്രം 143 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 110 മരണവും നടന്നത് വടക്കന്‍ ഗസയിലെ ബൈത് ലഹിയയിലാണ്. ബൈത് ലഹിയയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തുകയായിരുന്നു. മൂന്നാഴ്ചയിലേറെയായി ഇവിടെ ഇസ്രയേല്‍ ഉപരോധവും ആക്രമണവും തുടരുന്നു.
പ്രദേശത്ത് ഹമാസ് ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട്. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.അതിനിടെ, ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ കൊലപ്പെടുത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍-ബന്ദിമോചന ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കിയതായി ഖത്തര്‍, ഈജിപ്ത് തുടങ്ങി ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യഹിയ സിന്‍വാറാണ് വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള പ്രധാന തടസ്സമെന്നാണ് ഇസ്രയേല്‍ കരുതിയിരുന്നത്. ആശങ്ക കഴിഞ്ഞയാഴ്ച പശ്ചിമേഷ്യ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് മധ്യസ്ഥ രാജ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.സിന്‍വാറിന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് ഉള്‍പ്പെടെയുള്ള ഗസയിലെ മറ്റു ഗ്രൂപ്പുകളുമായി വലിയ ബന്ധമുണ്ടായിരുന്നു. 101 ബന്ദികളും ഗസയിലെ പല സംഘടനകളുടെയും കൈവശമാണുള്ളത്.
മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട കൗണ്‍സിലാണ് ഇപ്പോള്‍ ഹമാസിനെ നിയന്ത്രിക്കുന്നത്. സിന്‍വാറിന്റെ പിന്‍ഗാമിയായി ആരുവന്നാലും ഈ ഗ്രൂപ്പുകളെ ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രയാസമാണെന്നാണ് നിഗമനം. ഇത് ബന്ദി മോചനം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും മധ്യസ്ഥര്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കുന്നു.സിന്‍വാര്‍ കാരണമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ രണ്ട് മാസമായി നിലച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. സിന്‍വാറിന്റെ മരണം ബന്ദി മോചന ചര്‍ച്ചകളെ വഷളാക്കിയിട്ടില്ലെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഈ വാദം ഖത്തറും ഈജിപ്തും അംഗീകരിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിലാഡല്‍ഫിയ ഇടനാഴിയിലടക്കം സൈനികരെ നിലനിര്‍ത്തുമെന്നാണ് നെതന്യാഹുവിന്റെ പുതിയ ആവശ്യം. ഈ ആവശ്യം ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ കഴിഞ്ഞ വേനലില്‍ തന്നെ വെടിനിര്‍ത്തലില്‍ എത്തിച്ചേരുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.