വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും ​ഗാസയിൽ കുരുതി തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേർ

വെടിനിർത്തൽ നടപ്പാക്കുന്നതിന് പകരം തങ്ങളുടെ ലക്ഷ്യം നേടുംവരെ ഇസ്രായേൽ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽനിന്ന് ഇസ്രായേൽ സംഘത്തെ നെതന്യാഹു തിരിച്ചുവിളിച്ചു.

author-image
Greeshma Rakesh
New Update
israel palestines conflict

israeli attacks killed at least 81 people and injured 93 others in gaza in the last 24 hours

Listen to this article
0.75x 1x 1.5x
00:00 / 00:00

 

വാഷിങ്ടൺ: യു.എൻ രക്ഷാസമിതി അടിയന്തര വെടിനിർത്തൽ പ്രമേയം പാസാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഗാസയിൽ കുരുതി തുടർന്ന് ഇസ്രായേൽ. റഫയിലും ഖാൻയൂനുസിലും വടക്കൻ ഗാസയിലുമടക്കം വ്യാപകമായി ചൊവ്വാഴ്ചയും ഇസ്രായേൽ ബോംബാക്രമണമുൾപ്പെടെ നടത്തിയിരുന്നു.

അതെസമയം വെടിനിർത്തൽ നടപ്പാക്കുന്നതിന് പകരം തങ്ങളുടെ ലക്ഷ്യം നേടുംവരെ ഇസ്രായേൽ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽനിന്ന് ഇസ്രായേൽ സംഘത്തെ നെതന്യാഹു തിരിച്ചുവിളിച്ചു. വെടിനിർത്തലിൽ ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നെതന്യാഹു.വടക്കൻ ​ഗാസയിലെയടക്കം ആക്രമണത്തിനു പിന്നാലെ 15 ലക്ഷത്തോളം ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ.എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ബന്ദികളുടെ മോചനം നിബന്ധനയാകാതെ റമദാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയത്. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ അമേരിക്ക വിട്ടുനിന്നു. ആദ്യമായാണ് ഗാസ വെടിനിർത്തൽ പ്രമേയ വോട്ടിങ്ങിൽ അമേരിക്ക വീറ്റോ പ്രയോഗിക്കാതിരുന്നത്. ഹമാസിനെ കുറ്റപ്പെടുത്താത്ത പ്രമേയമായതിനാലാണ് അനുകൂലമായി വോട്ടുചെയ്യാതിരുന്നതെന്നാണ് യു.എസ് വിശദീകരണം.

ഇസ്രായേലിനൊപ്പം നിൽക്കാത്ത യു.എസ് നീക്കം തത്ത്വാധിഷ്ഠിത നിലപാടിൽനിന്നുള്ള പിന്മാറ്റമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ യു.എസ് സന്ദർശനം റദ്ദാക്കിയിരുന്നു. എന്നാൽ, യു.എൻ പ്രമേയം സ്വാഗതം ചെയ്ത ഹമാസ് വെടിനിർത്തൽ ശാശ്വതമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം നിർബന്ധമായും നടപ്പാക്കണമെന്നും പരാജയപ്പെടുന്നത് പൊറുക്കാനാവാത്തതാകുമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കേണ്ട ഇസ്രായേൽ പക്ഷേ, 24 മണിക്കൂറിനിടെ ഗാസയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 81 പേരാണ്. 93 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫയിൽ കുടുംബം താമസിച്ച വീടിനുമേൽ ബോംബുവീണ് ഒമ്പതു കുഞ്ഞുങ്ങളടക്കം 18 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫക്ക് സമീപം കെട്ടിടത്തിനുമേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതോടെ, ഗസ്സയിൽ മരണസംഖ്യ 32,414 ആയി. അതിനിടെ, ഹമാസ് നേതാവ് ഇസ്മമാഈൽ ഹനിയ്യ ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ചർച്ച നടത്തി.

israel hamas war Isreal Palestine Conflict Gaza Aid