ഇസ്രയേല്‍, ഇറാനില്‍ പരാജയപ്പെട്ടോ? ശക്തമായ ആക്രമണമാണ് ഇറാനില്‍ നടത്തിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ സാധാരണ നിലയില്‍ എത്തിയോ? മാധ്യമ റിപ്പോര്‍ട്ടുകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്രായേല്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാന സര്‍വീസുകള്‍ ഇറാന്‍ പുനരാരംഭിച്ചു. ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണനിലയിലായതായി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ആണ് അറിയിച്ചത്.
ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രാദേശിക സമയം രാവിലെ 9 മുതല്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. തെഹ്റാനിലെ ഇമാം ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളമോ മറ്റ് വിമാനത്താവളങ്ങളോ ആക്രമണത്തിന് വിധേയമായിട്ടില്ലെന്നും ഇറാന്‍ അറിയിച്ചു.
വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം തെഹ്‌റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ വ്യക്തമാക്കി. നിലവില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്.
അതിനിടെ, ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തെഹ്‌റാന്‍ ലക്ഷ്യമാക്കി എത്തിയ ഇസ്രയേലിന്റെ മിസൈലുകളെ തകര്‍ത്തതായി അല്‍ മയാദീന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനിലാണ് ഐഡിഎഫ് ആദ്യ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തെഹ്‌റാനു നേരെയുണ്ടായ ആക്രമണങ്ങള്‍ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മിസൈലുകളെയും തകര്‍ത്തതായാണ് അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി ഉണ്ടാകും എന്നുറപ്പാണ്. ഇത് മുന്നില്‍ക്കണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രയേല്‍, ഇറാനില്‍ വ്യോമാക്രമണം നടത്തുമ്പോള്‍, ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരു നേതാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്രായേല്‍ മാധ്യമമായ ഇസ്രായേല്‍ ഹായോമിനെ ഉദ്ധരിച്ചാണ് 'അല്‍ജസീറ' റിപ്പോര്‍ട്ട് ചെയ്തത്. കിര്‍യയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേല്‍ സൈനിക മേധാവി ലെഫ്. ജനറല്‍ ഹെര്‍സി ഹാലെവിയാണ് ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനു മേല്‍നോട്ടം വഹിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വ്യോമസേന മേധാവി മേജര്‍ ജനറല്‍ ടോമര്‍ ബാറും ഒപ്പമുണ്ടായിരുന്നു. തെല്‍ അവീവിലെ കിര്‍യയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാന്‍ഡ് കേന്ദ്രത്തില്‍ ഇരുന്ന് ഇരുവരും ആക്രമണനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടുണ്ട്.