ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായാണ് ഇസ്രയേലിന്റെ ആക്രമണം.
ഒക്ടോബര്‍ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ഇസ്രയേലിന് നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ വിമാനത്താവളത്തിന് അടുത്തും സ്‌ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇലം, ഖുഴെസ്തന്‍, തെഹ്‌റാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളെന്ന് ഇറാന്‍ അറിയിച്ചതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ആക്രമണത്തെ സംബന്ധിച്ച വിവരങ്ങള്‍ യുഎസ് അധികൃതര്‍ പ്രസിഡന്റ് ജോ ബൈഡനോടും പ്രസിഡന്റ് കമല ഹാരിസിനോടും വിശദീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ആക്രമണത്തില്‍ പങ്കില്ലെന്നാണ് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയത് ശത്രുക്കള്‍ തമ്മിലുള്ള ആക്രമണമാണെന്നാണ് യുഎസ് പ്രതികരിച്ചത്. തിരിച്ചടിക്കെതിരെ യുഎസ് ഇറാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ഇങ്ങനെയാണ് ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ സൈന്യം പ്രതികരിച്ചത്. ഏതു തിരിച്ചടിയും നേരിടാന്‍ തയാറാണെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്നാണ് യുഎസ് അധികൃതര്‍ വ്യക്തമാക്കിയത്. ഇറാനു നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാന് നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.