വടക്കന്‍ ഗസയില്‍ ഇസ്രയേല്‍ കൂട്ടക്കൊലയില്‍ മരണം 100 കടന്നു. ബൈത് ലാഹിയ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശങ്ങളില്‍ പൂര്‍ണമായും ഉപരോധമേര്‍പ്പെടുത്തി കൂട്ടക്കൊല നടത്തുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
അതതേസമയം നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ നടന്ന ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി. ടെല്‍ അവീവിന് തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.
വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തടുക്കാന്‍ കഴിയാത്ത നവീന ഡ്രോണ്‍ വ്യാപകനഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. തന്നെയും ഭാര്യയെയും വധിക്കാന്‍ ഇറാന് ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. ടെല്‍ അവീവിന് നേര്‍ക്ക് ഹിസ്ബുള്ള അയച്ച രണ്ട് ഡ്രോണുകള്‍ പ്രതിരോധിച്ചതായും സൈന്യം അറിയിച്ചു. യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെ ആക്രമണം നടത്താനുള്ള പുതിയ തെളിവായി നെതന്യാഹു ഡ്രോണ്‍ ആക്രമണത്തെ ആയുധമാക്കും. എന്നാല്‍ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎന്നിലെ ഇറാന് പ്രതിനിധി വ്യക്തമാക്കി. മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ ഇസ്രയേല്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ യു.എസ് സൈനികരുടെ സുരക്ഷക്ക് എല്ലാ നടപടിയും സ്വീകരിച്ചു വരുന്നതായും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ഗസയില്‍ വ്യാപക കൂട്ടക്കുരുതികളാണ് ഇസ്രയേല്‍ തുടരുന്നത്. വടക്കന്‍ ഗസയിലെ ബെയ്ത് ലാഹിയയില്‍ മാത്രം 100 പേര് കൊല്ലപ്പെട്ടതായി ഗസയിലെ സര്‍ക്കാര്‍ മാധ്യമ വിഭാഗം അറിയിച്ചു. കമാല്‍ അദ്വാന് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിലും നിരവധി പേര് കൊല്ലപ്പെട്ടു. ചുരുങ്ങിയത് 50 പേരെങ്കിലും ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടിരിക്കുമെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.
വംശഹത്യയടെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്കാണ് വടക്കന്‍ ഗസ സാക്ഷിയാകുന്നതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി വൈകിയും അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. ലബനാന് തലസ്ഥാനമായ ബെയ്റൂട്ടിന് നേരെയും വ്യാപക ആക്രമണം നടന്നു. കൂടുതല്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ സേന നിര്‍ദേശിച്ചു.
അതിനിടെ, ഇറാനെതിരെ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്ക അന്വേഷണത്തിന് ഉത്തരവിട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ രഹസ്യവിവരങ്ങള്‍ ഇറാന് ആരോ ചോര്‍ത്തി നല്‍കിയെന്നാണ് അമേരിക്ക കരുതുന്നത്.