ലോക ചാരന്മാരാണ് ഇസ്രയേല്‍. ഇപ്പോള്‍ കടുവയെ കിടുവ പിടിച്ചു എന്ന അവസ്ഥയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ സൈനിക താവളങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ പ്രവര്‍ത്തനം നടത്തുന്നതായി ഇസ്രായേല്‍ മാധ്യമമായ ഹാരെറ്റ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനപ്രിയ ആപ്പായ സ്ട്രാവയില്‍ കൃത്രിമം നടത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് പട്ടാളക്കാരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുന്ന സൈനികരുടെ വിലാസമടക്കം ചോര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഇസ്രയേല്‍ വിലയിരുത്തുന്നത്. ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് ഇസ്രയേല്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു അജ്ഞാതന്‍ സ്ട്രാവയില്‍ അക്കൗണ്ട് തുടങ്ങുകയും തുടര്‍ന്ന് സൈന്യം, വ്യോമസേന, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ജോഗിങ് നടത്തിയതായി തെറ്റായ വിവരങ്ങള്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്തു. ഇതിലൂടെ ഈ മേഖലയിലൂടെ യഥാര്‍ഥത്തില്‍ ഓടിക്കൊണ്ടിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്താനായി വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി ഇസ്രയേല്‍ അന്വേഷണ സംഘവും രൂപീകരിച്ചു.
അതേസമയം, ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് സ്ട്രാവ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഫിറ്റ്‌നസ് ആപ്പാണ് സ്ട്രാവ. ലോകത്താകമാനമായി 120 ദശലക്ഷം ഉപയോക്താക്കള്‍ ഇതിനുണ്ട്. സ്ഥിരമായി ഓടുന്നവര്‍ക്കും സൈക്കിള്‍ ചവിട്ടുന്നവര്‍ക്കുമെല്ലാം പരസ്പരം വിവരങ്ങള്‍ ഇതിലൂടെ പങ്കുവക്കാന്‍ സാധിക്കും.
ജൂലൈയിലാണ് വ്യാജന്‍ അക്കൗണ്ട് ആരംഭിച്ചത്. ദൗത്യം നടക്കുന്നത് വരെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് നാല് ദിവസം കൊണ്ട് ഇയാള്‍ ആപ്പില്‍ വിവിധ സെഗ്മെന്റുകള്‍ ആരംഭിച്ച് ഇസ്രായേലിലെ ഗോലാന്‍ മുതല്‍ എയ്‌ലാത് വരെയുള്ള 30 ഓളം സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലേക്ക് അപ്ലോഡ് ചെയ്തു.
ഹാറ്റ്‌സെരിമിലെയും തെല്‍ നോഫിലെയും വ്യോമസേന താവളങ്ങള്‍, അഷ്‌ദോദിലെയും എയ്‌ലാതിലെയും നാവിക സേന കേന്ദ്രങ്ങള്‍, ജറുസലേമിലെയും ഗ്ലിലോട്ടിലെയും സൈനിക രഹസ്യാന്വേഷണ വിഭാഗം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ആണാവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന സ്‌ദോത് മിച്ച എയര്‍ബേസിനെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ശേഖരിച്ചിട്ടുണ്ട്. അത്യാധുനിക മിസൈല്‍ വേധ റഡാറുകളുള്ള മൗണ്ട് കരേനിലെ അമേരിക്കന്‍ സൈനിക താവളവും ശേഖരിച്ചവയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് ദിവസത്തിനുള്ളില്‍ 30 സൈനിക താവളങ്ങളിലൂടെ 60 തവണ ഓടിയതായിട്ടാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണ്. എല്ലായിടത്തും രണ്ട് കിലോമീറ്ററിന് അടുത്താണ് ഓടിയിട്ടുള്ളത്.
വിവരങ്ങള്‍ പുറത്തായതിനാല്‍ ശത്രുരാജ്യങ്ങള്‍ക്ക് എളുപ്പത്തില്‍ സൈനിക താവളങ്ങള്‍ മനസ്സിലാക്കാനും അവയെ ആക്രമിക്കാനും സാധിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. സ്ട്രാവയെ കൂടാതെ മറ്റു ആപ്പുകളും ഇത്തരത്തില്‍ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇസ്രായേലി പൗരന്‍മാരെ ഇറാന്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നുണ്ടെന്ന് ഈയിടെ ഇസ്രായേലി സുരക്ഷാ ഏജന്‍സിയായ ഷിന്‍ബെത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തിരുന്നത്.