ഒക്ടോബര്‍ 19 ഇസ്രയേല്‍ മറക്കില്ല; ആക്രമണ പരമ്പരയുമായി ഹിസ്ബുള്ള

ഒക്ടോബര്‍ 19 ഇസ്രയേലിന് മറക്കാനാവില്ല. ആക്രമണങ്ങളുടെ പെരുമഴയാണ് രാജ്യം നേരിട്ടത്. അതില്‍ ഒരു ആക്രമണം പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെയായിരുന്നു. പുലിമടയില്‍ എത്തി തന്നെയാണ് ആക്രമണം നടത്തിയത്.

author-image
Rajesh T L
New Update
hiz

ഒക്ടോബര്‍ 19 ഇസ്രയേലിന് മറക്കാനാവില്ല. ആക്രമണങ്ങളുടെ പെരുമഴയാണ് രാജ്യം നേരിട്ടത്. അതില്‍ ഒരു ആക്രമണം പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക്  നേരെയായിരുന്നു. പുലിമടയില്‍ എത്തി തന്നെയാണ് ആക്രമണം നടത്തിയത്. 

ലബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്. ആക്രമണ പരമ്പര തന്നെ ഒക്ടോബര്‍ 19 ന് ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തി. സിസറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 

ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യ സാറയും വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ലബനനില്‍ നിന്നും പറന്നുയര്‍ന്ന ഡ്രോണ്‍ ആണ് നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ടത്. സൈന്യം ടെല്‍ അവിവില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച മൊത്തം 9 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിലേക്ക് നൂറോളം റോക്കറ്റുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങള്‍, സൈനികര്‍, ജനവാസ മേഖല, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുളള അവകാശപ്പെടുന്നത്. മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ ആക്രമണങ്ങളെല്ലാം നടത്തിയത്. 

ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേലിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈഫയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്റേണ്‍ ഗലീലിയിലും ഹൈഫയിലുമുണ്ടായ ആക്രമണത്തില്‍ ഒരു അന്‍പതുകാരന്‍ കൊല്ലപ്പെട്ടെന്നും 9 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍  പറയുന്നു. വടക്കന്‍ അതിര്‍ത്തി പട്ടണമായ ഷ്‌ലോമി ഡ്യൂവിലുണ്ടായ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ഹമാസ് മേധാവി യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടത്. രണ്ടു ദിവസം മാത്രം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ വസതിക്കു നേരെ ഉള്‍പ്പെടെ  ആക്രമണം ഉണ്ടായത്.

സിന്‍വറിന്റെ മരണത്തിനു പിന്നാലെ ഇറാന്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ഇനി ഇസ്രയേലുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇനി ചര്‍ച്ചയില്ല തിരിച്ചടി മാത്രം എന്നും ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലബനനിലും ഇസ്രയേല്‍ പോരാട്ടം തുടരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. ഹൂതികളും രംഗത്തുണ്ട്. 

കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിനെതിരെ ആക്രമണമുണ്ടായി. രണ്ട് ആയുധധാരികള്‍ ഇസ്രയേല്‍ സൈന്യത്തിനു വേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.

അതിനിടെ, ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സിന്‍വര്‍ കൊല്ലപ്പെട്ട വിവരം ഹമാസ് നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ സിന്‍വാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഐഡിഎഫ് പുറത്തുവിട്ടു.

തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

61 കാരനായ ഹമാസ് തലവനെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. വിരല്‍ മുറിച്ചാണ് പരിശോധനയ്ക്ക് അയച്ചത്. തലയില്‍ വെടിയേറ്റാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ടത്.

സിന്‍വര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. തനിക്ക് നേരെ പറന്നുവന്ന ഡ്രോണിന് നേരെ സോഫയില്‍ അവശനായിരിക്കുന്ന സിന്‍വര്‍ വടിയെറിയുന്നതും വീഡിയോയില്‍ കാണാം.

israel hizbulla conflict