ലെബനനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഹിസ്ബുള്ളയ്ക്ക് തിരിച്ചടി

റദ്വാന്‍ ഫോഴ്‌സ് കമാന്‍ഡര്‍ ഇബ്രാഹിം അഖീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ സായുധസേന വിഭാഗത്തിലെ ഉന്നതന്‍ ഫുവാദ് ഷുക്ക്‌റിനെ കഴിഞ്ഞ ജൂലായില്‍ ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.

author-image
Prana
New Update
lebanon new
Listen to this article
0.75x 1x 1.5x
00:00 / 00:00

ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. ബെയ്‌റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രത്യാക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റദ്വാന്‍ ഫോഴ്‌സ് കമാന്‍ഡര്‍ ഇബ്രാഹിം അഖീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ സായുധസേന വിഭാഗത്തിലെ ഉന്നതന്‍ ഫുവാദ് ഷുക്ക്‌റിനെ കഴിഞ്ഞ ജൂലായില്‍ ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.
ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിന് ഇസ്രയേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ നിലപാട്. ഇസ്രയേല്‍ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനില്‍പ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.

 

isreal lebanon hisbulla