കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, നിലവിളിക്കുന്ന കുരുന്നുകൾ; റഫ അഭയാർത്ഥി ക്യാമ്പിലെ ദയനീയ കാഴ്ച

കരിഞ്ഞ ശരീരങ്ങളും ശിഥിലമായ കൈകാലുകളും ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ തെളിവായി ക്യാമ്പിൽ അവശേഷിച്ചു.മുറിവേറ്റ കുട്ടികളും സ്ത്രീകളും പ്രായമായവരും അവർക്ക് നഷ്ടമായവരെ ഓർത്ത്  നിലവിളിക്കുന്നത് ഏതൊരാളെയും വേദനിപ്പിക്കും.

author-image
Greeshma Rakesh
Updated On
New Update
israel-palestine-conflict

charred bodies children screaming rafah refugee camp recounts horror

Listen to this article
0.75x 1x 1.5x
00:00 / 00:00

ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ലോകം സാക്ഷ്യം വഹിക്കുന്നത് റഫ അഭയാർത്ഥി ക്യാമ്പിലെ ഭയാനകവും വേദനിപ്പിക്കുന്നതുമായ കാഴ്ച്ചകൾക്കാണ്. അഭയാർഥികളുടെ കൂടാരങ്ങൾ അഗ്നിക്കിരയായി, ആക്രമണത്തിന് ശേഷം പൊള്ളലേറ്റവരുടെ നിലവിളി അന്തരീക്ഷത്തിൽ നിറഞ്ഞു. 

കുവൈറ്റ് അൽ-സലാം ക്യാമ്പ് 1 എന്നറിയപ്പെടുന്ന റഫയിലെ അഭയാർത്ഥി ക്യാമ്പിൽ രാവിലെയോടെ, ടെൻ്റുകളുടെയും വാഹനങ്ങളുടെയും കത്തിനശിച്ച അവശിഷ്ടങ്ങൾ മാത്രമാണ് അവശേഷിച്ചത്.കരിഞ്ഞ ശരീരങ്ങളും ശിഥിലമായ കൈകാലുകളും ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ തെളിവായി ക്യാമ്പിൽ അവശേഷിച്ചു.മുറിവേറ്റ കുട്ടികളും സ്ത്രീകളും പ്രായമായവരും അവർക്ക് നഷ്ടമായവരെ ഓർത്ത്  നിലവിളിക്കുന്നത് ഏതൊരാളെയും വേദനിപ്പിക്കും.

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) ആക്രമണത്തെ "ഭയാനകം" എന്ന് വിശേഷിപ്പിക്കുകയും അഭയാർഥി ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ഗാസയിലെ മോശം അവസ്ഥയുടെ "മറ്റൊരു സാക്ഷ്യം" ആണെന്ന അടികുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ക്യാമ്പിൽ തീ ആളിപ്പടരുന്നതും ആളുകൾ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വലിച്ചെടുക്കുന്നതും  വീഡിയോകളിൽ കാണാം.

ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 45 ആയി ഉയർന്നതായാണ് ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നത്.ഇത് ലോകമെമ്പാടും വ്യാപകമായ രോഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.കുട്ടികളുടെ ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതും നിരവധിപേർക്ക് ഗുരുതരമായ പരിക്കുകളേൽക്കുകയും ചെയ്ത് ഇസ്രായേലിന്റെ ആക്രമണത്തെ "കൂട്ടക്കൊല" എന്നാണ് ഏജൻസി വിശേഷിപ്പിച്ചത്.

പലസ്തീനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി പകർത്തിയ ചിത്രങ്ങളിൽ നിരവധി കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റവരെ പുറത്തെടുക്കാൻ ആരോ​ഗ്യപ്രവർത്തരും മറ്റും അക്ഷീണം പ്രയത്നിക്കുന്ന രം​ഗങ്ങൾ ഏവരേയും വേദനിപ്പിക്കുന്നതാണ്.രാത്രി സൈറണുകളുടെ ശബ്ദവും അതിജീവിച്ചവരുടെ വേദനാജനകമായ നിലവിളികളും കൊണ്ട് റഫ അഭയാർഥി ക്യാമ്പ് നിറഞ്ഞു.

ആക്രമണത്തെ അതിജീവിച്ച ഒരാൾ പറഞ്ഞതിങ്ങനെ..."ഞങ്ങൾ സായാഹ്ന പ്രാർത്ഥന പൂർത്തിയാക്കിയതേയുള്ളു, കുട്ടികൾ ഉറങ്ങുകയായിരുന്നു, ഒരു വലിയ ശബ്ദം കേട്ടു, പെട്ടെന്ന് ഞങ്ങൾക്ക് ചുറ്റും തീ പടർന്നു, കുട്ടികൾ നിലവിളിച്ചു ..."

പിന്നാലെ തങ്ങളുടെ വിമാനം റഫയിലെ ഹമാസ് കോമ്പൗണ്ടിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയെന്നും രണ്ട് മുതിർന്ന ഹമാസ് പ്രവർത്തകരായ യാസിൻ റാബിയയും ഖാലിദ് നഗറും കൊല്ലപ്പെട്ടതായും അവകാശപ്പെട്ട് ഇസ്രായേൽ സൈന്യം രം​ഗത്തെത്തി. ആക്രമണം ദുരന്തപൂർണമായ പിഴവാണെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രം​ഗത്തെത്തി.കൂട്ടക്കൊലയിൽ ലോകമെമ്പാടും പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തിയത്.ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അന്വേഷിച്ചുവരുകയാണ്. സാധാരണ മനുഷ്യരെ അപായപ്പെടുത്തരുതെന്നാണ് രാജ്യത്തിന്റെ നയമെങ്കിലും ഒരു പിഴവുണ്ടായെന്നാണ്  നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രായേലിന്റെ വ്യോമാക്രമണം  അറബ് രാജ്യങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈജിപ്ത്, ജോർദാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി.ഒക്ടോബർ 7 മുതൽ തുടരുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് തടസ്സമാകുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടരുന്ന അക്രമത്തിനെതിരെ നിരവധി അന്താരാഷ്ട്ര മുന്നറിയിപ്പുകൾ നൽകിയിട്ടും, മെയ് ആദ്യം ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം പത്ത് ലക്ഷം സിവിലിയന്മാർ റഫയിൽ നിന്ന് പലായനം ചെയ്തതായി യുഎൻ റിപ്പോർട്ടിൽ പറയുന്നു.

ഗാസയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഘർഷം, ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് ആരംഭിച്ചത്. അതിൻ്റെ ഫലമായി 1,189 ഇസ്രായേലികൾ മരണപ്പെടുകയും 252 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു.പിന്നാലെ നടന്ന ഇസ്രായേലിൻ്റെ തിരിച്ചടിയിൽ ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 36,096 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.അധികവും സാധാരണക്കാർ.പിന്നീട് ലോകം കാണുന്നത് സമാനകളില്ലാത്ത ഇസ്രായേലിന്റെ കൂട്ടക്കുരുതിയാണ്.

Israel palestine conflict isreal airstrike rafah refugee camp