ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയുമായി അമേരിക്ക ഒപ്പമുണ്ട്. ആവശ്യത്തിലധികം ആയുധങ്ങളും സൈനിക സഹായങ്ങളും നല്‍കി ഇസ്രയേലിനെ ഇത്രയും വഷളാക്കിയത് അമേരിക്ക തന്നെയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്റെ സമീപനം സ്വീകരിച്ച അമേരിക്കയ്ക്ക് പക്ഷെ വരുന്ന തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു.
ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കന്‍ ജനതയില്‍ നിന്ന് പോലും കടുത്ത പ്രതിഷേധം ഏല്‍ക്കേണ്ടി വന്ന അമേരിക്ക തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് കരുതി തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്. റഫയിലെ ഇസ്രയേല്‍ സമ്പൂര്‍ണ അധിനിവേശത്തിന് ഉത്തരവിട്ടാല്‍ ആയുധ കയറ്റുമതി നിര്‍ത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ഇസ്രയേലും തയാറായിട്ടില്ല. അമേരിക്കയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച നെതന്യാഹു, ആരുടെയും സഹായമില്ലാതെ തങ്ങള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ സാധിക്കുമെന്നും പ്രതികരിക്കുകയുണ്ടായി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനും വിള്ളലേറ്റിരിക്കുകയാണ്. ആവശ്യമെങ്കില്‍ തങ്ങള്‍ നഖം ഉപയോഗിച്ച് വരെ പാരാടുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
റഫ ആക്രമിച്ചാല്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ഇറക്കുമതി തടഞ്ഞുവയ്ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. സിവിലിയന്‍ മരണത്തെ ഭയന്ന് ബോംബുകളുടെ കയറ്റുമതി യുഎസ് ഇതിനകം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
1948ലെ യുദ്ധത്തെ പരാമര്‍ശിച്ചാണ് ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുഎസില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ നെതന്യാഹു തള്ളിക്കളഞ്ഞത്. 76 വര്‍ഷം മുമ്പ് സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടത്തില്‍ ഞങ്ങള്‍ ചെറിയൊരു വിഭാഗം ജനസംഖ്യ ആയിരുന്നു. എതിര്‍ വശത്ത് അനേകരും. ആയുധങ്ങളില്ലാതെയാണ് ഞങ്ങള്‍ പോരാടിയത്. ഇസ്രായേലിന്മേല്‍ ആയുധ ഉപരധം ഉണ്ടായിരുന്നു, എന്നാല്‍ ആത്മവീര്യത്തിന്റെയും ഐക്യത്തിന്റെയും പിന്‍ബലത്തില്‍ ഞങ്ങള്‍ വിജിയിച്ചു. ബൈഡന്‍ ആയുധ കയറ്റുമതി നിര്‍ത്തിയാല്‍ ഇസ്രയേലിന് നഖങ്ങള്‍ തന്നെ ധാരാളമാണെന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.
ഇസ്രയേലിന്റെ മുന്നറിയിപ്പ് തള്ളിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം മുതല്‍ മുതല്‍ നിരന്തരബോംബാക്രമണങ്ങളും നടത്തുന്നുണ്ട്. കൂടാതെ ഇസ്രയേല്‍ ടാങ്കുകള്‍ റഫക്ക് സമീപം കൂട്ടത്തോടെ എത്തിയതോടെയും 80,000-ത്തിലധികം ആളുകള്‍ റഫയില്‍ നിന്ന് പലായനം ചെയ്‌തെന്ന് യുഎന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങളെയല്ല നഗരത്തില്‍ അവശേഷിച്ചിരിക്കുന്ന ഹമാസ് ഘടകങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഇസ്രായേല്‍ സേന പറയുന്നത്.