ബയ്റുത്ത്: കഴിഞ്ഞ ദിവസങ്ങളിലെ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച ലെബനനിലും സിറിയയിലും മൂവായിരത്തിലേറെ പേജറുകള്‍ ഒരേസമയം, പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളടക്കം 12 പേര്‍ മരിച്ചിരുന്നു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന പരമ്പരയ്ക്കു ശേഷം ഇതാദ്യമായാണ് നസ്‌റല്ല പ്രതികരിക്കുന്നത്.
ലെബനനില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ വാക്കിടോക്കി പൊട്ടിത്തെറിച്ച് ഒന്‍പതുപേര്‍ മരിച്ചിരുന്നു. നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയിലെ അംഗങ്ങളാണ് പരിക്കേറ്റവരില്‍ കൂടുതലും.