എത്ര ബുദ്ധിമാന്മാരായാലും ചിലപ്പോഴൊക്കെ അബദ്ധം പറ്റാറുണ്ടെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യുന്ന ഒരു കാര്യം അബദ്ധമായി മാറുമ്പോള്‍ അത് വന്‍ വീഴ്ച തന്നെയാണ്. പ്രത്യേകിച്ച് സൈനികരുടെ ഭാഗത്ത് നിന്നാകുമ്പോള്‍. അത്തരൊരു സംഗതിയാണ് ഇപ്പോള്‍ ഇസ്രയേല്‍ സുരക്ഷാ സേനയായ ഐഡിഎഫിന് സംഭവിച്ചിരിക്കുന്നത്.
ഹമാസ് തലവന്‍ യഹ്യസിന്‍വാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കുന്ന ഒരു ദൃശ്യം ഐഡിഎഫ് സോഷ്യയില്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഒരു കസേരയില്‍ ഇരിക്കുന്ന സിന്‍വാറിന് നേര്‍ക്ക് ഡ്രോണ്‍ എത്തുമ്പോള്‍ പാതി വെന്ത ആ ശരീരത്തില്‍ നിന്നും ഒരു വടി ഡ്രോണിന് നേര്‍ക്ക് എറിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതോടെ മരണത്തിലും സിന്‍വാര്‍ പോരാളിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതുതന്നെയാണ് ഇപ്പോള്‍ അറബ് ലോകം എടുത്തുകാട്ടുന്നതും. അവസാനം വരെ താന്‍ വശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടി ജീവന്‍ വെടിഞ്ഞ ധീര രക്തസാക്ഷിയുടെ പരിവേഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
രക്തസാക്ഷിത്വം രാഷ്ട്രത്തിലെ വീരന്മാര്‍ക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് മുസ്ലിം ലോകം കരുതുന്നത്. രക്തസാക്ഷികള്‍ മനുഷ്യ മനസ്സാക്ഷിയില്‍ ജീവനോടെ തുടരുമെന്ന് വേദവാക്യവുമുണ്ട്. അതിനാല്‍ പലസ്തീനില്‍ മാത്രമല്ല ലോകത്തുടനീളം പോരാടുന്ന യുവതലമുറക്ക് പ്രചോദനമാകാതെ തരമില്ല സിന്‍വാറിന്റെ ധീരമരണം എന്നാണ് പ്രചാരണം. അധിനിവേശം വച്ച് നീട്ടിയ സൗകര്യങ്ങള്‍ക്കും യുദ്ധതന്ത്രങ്ങളുടെ സമ്മര്‍ധങ്ങള്‍ക്കും വഴങ്ങാതെ അവസാന ശ്വാസം വരെയും പലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ മഹത്തുകളില്‍ ഒരാളായി കാലം സിന്‍വാറിനെ അടയാളപ്പെടുത്തും. രക്തസാക്ഷിത്വമാണ് തങ്ങളുടെ പര്യവസാനമെന്ന് ഓരോ പലസ്തീന്‍ നേതാക്കള്‍ക്കുമറിയാം. ഓരോ ധീര മരണവും ചെറുത്തുനില്‍പ്പിന് കൂടുതല്‍ പ്രചോദനമാകുന്നതുകൊണ്ട് കൂടിയാണ് രക്തസാക്ഷിത്വം അവര്‍ ആഗ്രഹിക്കുന്നത്.
രാഷ്ട്രങ്ങളെ നിര്‍വചിക്കുന്നത് ശക്തരായ നേതാക്കളിലൂടെ മാത്രമല്ല, അവരുടെ ധീരമരണം കൊണ്ട് കൂടിയാണ്. ഇന്ന് ആഗോള മാധ്യമങ്ങള്‍ യഹ്യ സിന്‍വാര്‍ എങ്ങനെ അനശ്വര നായകനായി എന്ന് ചര്‍ച്ച ചെയ്യുന്നു. യഹ്യ സിന്‍വാറിന്റെ വടിയും മരണചിത്രവും പലസ്തീന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇതിനകം മാറികഴിഞ്ഞു.
സിന്‍വാറിന്റെ വടി എന്നൊരു പ്രയോഗം പോലും അറബ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ മൂസായുടെ വടിയോട് അറബ് ചിന്തകരായ പല പ്രമുഖരും അതിനെ ഉപമിച്ചുംകഴിഞ്ഞു. ഇസ്രായേല്‍ പുറത്തിറക്കിയ എണ്ണമറ്റ കള്ളങ്ങള്‍ സിന്‍വാറിന്റെ മരണചിത്രം ഒറ്റയടിക്ക് പൊളിക്കുകയാണ് ചെയ്തത്. പിന്നീട് ചിത്രങ്ങള്‍ പുറത്ത് വിട്ടത് ഒരു പിആര്‍ പിഴവായി പത്രക്കുറിപ്പ് വരെ ഇറക്കേണ്ട ഗതികേടുണ്ടായി ഐഡിഎഫിന്. പോരാളികളുടെ ധീര മരണം ഒരു തലമുറക്ക് മുഴുവന്‍ നല്‍കുന്ന പാഠമായിരുന്നു.
സിന്‍വാറിനെ പ്രവാചകന്റെ പിന്മുറക്കാരനായ സൈദ് ബിനു ഹാരിഥയോടും ചിലര്‍ ഉപമിച്ചുംകഴിഞ്ഞു. അബ്ദുല്‍കാദര്‍ അല്‍-ജസാഇരി, അമീര്‍ അബ്ദുല്‍ കരീം, ഒമര്‍ മുഖ്താര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരോടൊപ്പം അദ്ദേഹം ഇതിനകം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അറബ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അള്‍ജീരിയന്‍, മൊറോക്കന്‍, ലിബിയന്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത വ്യക്തികളാണിവര്‍. ടണലുകള്‍ നിര്‍മിച്ചു കൊണ്ടുള്ള ഹമാസിന്റെ പോരാട്ടങ്ങളുടെ സൂത്രധാരനായിട്ടാണ് സിന്‍വാര്‍ അറിയപ്പെടുന്നത്. ഇസ്രായേല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവരുടെ എല്ലാ പുതിയ സങ്കേതങ്ങളും ഉപയോഗിച്ച് പരതിയിട്ടും സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേവലം യാദൃശ്ചികമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് അത് സിന്‍വാറാണെന്ന് പോലും ഇസ്രായേല്‍ തിരിച്ചറിയുന്നത്.
ഈ യുദ്ധം തുടങ്ങുമ്പോഴുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറം വലിയ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും വിശാല ഇസ്രയേല്‍ ഭൂമിയെന്ന താല്‍പര്യവും കൂടി സ്ഥാപിക്കണമെങ്കില്‍ ഗസയില്‍ നിന്നും പൂര്‍ണമായും ജനവാസമില്ലാതാകേണ്ടതുണ്ട്. ഹമാസ് മാത്രമല്ല തുടര്‍ന്ന് അറബ് ലോകം മൊത്തം കാല്‍കീഴില്‍ കൊണ്ടു വരേണ്ടതുണ്ട്. ലബനനും ഇറാഖും സിറിയയും ഈജിപ്തും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളും വരുതിയില്‍ ആക്കുകയും വേണം.
ജൂതരാഷ്ടം എന്ന അടിസ്ഥാന ആശയത്തില്‍ നിന്നും സയണിസ്റ്റ് ഗൂഡ പദ്ധതിയിലേക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലും അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും അവരുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുമാണ് ഗസയില്‍ ഈ ഗൂഡമായ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്. പഴയ ബ്രിട്ടീഷ് അധികാര ശക്തി പച്ചകൊടി കാണിച്ച പദ്ധതി പൊടിതട്ടിയെടുത്ത് പ്രകൃതി വാതകങ്ങള്‍ക്ക് വേണ്ടിയുള്ള ഖനനവും വ്യാപാര പാതയുമുള്‍പ്പെടെയുള്ള പുതിയ കാലത്തെ കച്ചവട താല്‍പര്യങ്ങളെ അതിലേക്ക് ചേര്‍ത്തെഴുതുന്നതാണ് പടിഞ്ഞാറിന്റെ പുതിയ ഗൂഢ പദ്ധതി.
നേരെത്തെ ഇസ്രായേല്‍ പുറത്തിറക്കിയ വിഷന്‍ ഗസ 2035 പ്രൊജക്ടില്‍ പലസ്തീനികളുമുണ്ടായിരുന്നു. എന്നാല്‍, നെതന്യാഹു ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന രാഷ്ടീയ പദ്ധതിയില്‍ പലസ്തീനികള്‍ ഈ ചിത്രത്തില്‍ എവിടെയും ഉണ്ടാകരുത് എന്നാണ് തീരുമാനം. ഈജിപ്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ബാക്കിയാകുന്ന പലസ്തീനികളെ അങ്ങോട്ടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നുമൊക്കയാണ് ഇപ്പോള്‍ ചര്‍ച്ചചെയൂന്ന നിഗൂഢപദ്ധതി.
അമേരിക്കയെ പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അനിയന്ത്രിതമായി ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ യഹ്യ സിന്‍വാറിനേയും ഹമാസിനേയും കുറിച്ചുള്ള മറുലോകത്തിന്റെ ചിന്തകളില്‍ ഊര്‍ജം പകരാന്‍ അതിനു കഴിയുന്നു. അമേരിക്കയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലുമുള്ള പുതിയ തലമുറകള്‍ക്ക് പ്രചോദനമാകാനും അത് വഴിയൊരുങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം
ഭീരുക്കള്‍ എത്ര ഉറക്കെ ആക്രോശിച്ചാലും ജനങ്ങള്‍ ഓര്‍ത്തുവെക്കുന്നത് നീതിക്ക് വേണ്ടിയുള്ള മാന്യമായ പോരാട്ടത്തിന്റെ കനലുകളായിരിക്കും. അവരുയര്‍ത്തുന്ന സമരത്തിന്റെ ജ്വാലകളായിരിക്കും. അടിച്ചമര്‍ത്തിയത് കൊണ്ടും ചുട്ടുകരിച്ചത് കൊണ്ടും ആശയങ്ങള്‍ അസ്തമിക്കുന്നില്ല. അവ തിമര്‍ക്കുന്ന ചാമ്പലില്‍ നിന്ന് തീപൊരിപോലെ വീണ്ടുമുണര്‍ന്ന് അവ കാലത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി എന്നും നിലനില്‍ക്കും. അങ്ങനെ സിന്‍വാറിനെ മറ്റൊരു ചെഗുവേരയാക്കുകയാണ് ഇസ്രായേല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.