ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. അതിനിടെ, ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തയാണ് ഇറാനില്‍ നിന്ന് വരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് 85കാരനായ ഖമെനി എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖമെനിയുടെ രണ്ടാമത്തെ മകന്‍ മോജ്തബ ഖമേനി പിന്‍ഗാമിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖമേനിയുടെ അനാരോഗ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ, ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാവും എന്നതിനെ കുറിച്ചുളള ചര്‍ച്ചകളാണ് നടക്കുന്നത്. ഖമെനിയുടെ കാലശേഷം പുതിയ പരമാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ നിലപാടും നിര്‍ണായകമാകും.
പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സിയുടെ മരണത്തോടെ, ഖമേനിയുടെ പിന്‍തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2024 മേയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് റെയിസിയും ഇറാന്റെ വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടത്. ഖമേനിയുടെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്നയാളാണ് റെയിസി.
2020 ഡിസംബറില്‍ ഖമേനി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. യുഎസില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ജൂയിഷ് പ്രസും മറ്റു ചില പോര്‍ട്ടലുകളുമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന മുഖവുരയോടെയാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്.
81 വയസ്സുകാരനായ ഖമേനി അനാരോഗ്യം മൂലം മകന്‍ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവായ ആയത്തുല്ല അലി ഖമേനി 1981-89 കാലയളവില്‍ ഇറാന്റെ പ്രസിഡന്റായിരുന്നു.
തീവ്ര നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഖമേനി. ഇറാനില്‍ പുരോഗമന വാദിയായ പെസഷ്‌കിയന്‍ പ്രസിഡന്റായി അധികാരത്തില്‍ വന്ന ശേഷവും ഇറാനില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പെസഷ്‌കിയന്‍, ഖമേനിയുടെ നിഴലായി മാറുകയാണ് ചെയ്യുന്നത്.
ഇറാനില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് പരമോന്നത നേതാവാണ്. ആ നിലയില്‍ അടുത്ത ഖമേനിയുടെ പിന്‍ഗാമി ആരാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ഗാസയിലെയും മ്യാന്‍മാറിലെയും മുസ്ലിങ്ങള്‍ ദുരിതത്തിലാണെന്ന ഖമേനിയുടെ പരാമര്‍ശം വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഖമേനിയുടെ അഭിപ്രായ പ്രകടനമെന്നുമായിരുന്നു ഇന്ത്യ പ്രതികരിച്ചത്.
പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കും മുന്‍പ് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് വിദേശകാര്യ വക്താവ് മറുപടി നല്‍കിയത്.
ഇസ്രയേലിനോടുള്ള ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്നും ഖമേനി ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. ഖമേനി അടുത്തിടെ പങ്കെടുത്ത വെള്ളിയാഴ്ച പ്രാര്‍ത്ഥന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രഭാഷണത്തില്‍ ഇസ്രയേലിനെതിരേ കടുത്ത നിലപാടാണ് ഖമേനി പ്രഖ്യാപിച്ചത്. ഇസ്രയേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്.
അപൂര്‍വ പ്രഭാഷണത്തിനായി 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒപ്പം ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം റഷ്യന്‍ നിര്‍മിത റൈഫിള്‍ കൈയില്‍ പിടിച്ചിരുന്നു.
ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു.
ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹമാസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.