ലബനനിലും ഗസയിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ലബനന്റെ തെക്കന്‍ തീരപ്രദേശത്താണ് ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്. അതിനിടയില്‍ പുറത്തുവന്ന തെന്യാഹുവിന്റെ വീഡിയോ സന്ദേശം ശക്തമാകുന്നു. ലബനന് ശക്തമായ മുന്നറിയിപ്പാണ് വീഡിയോയില്‍ നെതന്യാഹു നല്‍കുന്നത്. ഹിസ്ബുള്ളയെ ലബനനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യമാണ് നെതന്യാഹു ലബനനോട് ഉന്നയിക്കുന്നത്. ലബനനില്‍ ഹിസ്ബുള്ളയെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ഗസയുടെ ഗതി ലബനനും വരും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നാണ് ലബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുല്ല പ്രയോഗിച്ചത്. ഇത് അവസാനിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ഇസ്രയേല്‍ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറയുന്നു. പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കുന്നു.
ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ ഇവരുടെ പേരുകള്‍ നെതന്യാഹു പറഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌റൂട്ടില്‍ നടന്ന ബോംബാക്രമണങ്ങള്‍ക്കുശേഷം മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടെന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നസ്‌റല്ലയുടെ പിന്‍ഗാമിയായി സഫിയുദ്ദീന്‍ ഹിസ്ബുല്ലയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്‌റൂട്ടില്‍ നടന്ന ബോംബാക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്. എന്നാല്‍, ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന ഹമാസ് മേധാവി യഹിയ സിന്‍വര്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്രയേലിന്റെ അവകാശ വാദങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരുന്നു സിന്‍വറിന്റെ പ്രത്യക്ഷപ്പെട്ടല്‍. ഹനിയുടെ മരണത്തിനു തൊട്ടുപിന്നാലെ പുതിയ ഹമാസ് മേധാവിയും കൊല്ലപ്പെട്ടത് വലിയ വിജയമായി ഇസ്രയേല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സിന്‍വാര്‍ വെടിനിര്‍ത്തല്‍ മധ്യസ്ഥരുമായി ബന്ധപ്പെട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഖത്തറിലെ ഗസ വെടിനിര്‍ത്തലിന് മധ്യസ്ഥരായി നില്‍ക്കുന്നവര്‍ക്ക് സന്ദേശം അയച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ യഹിയ സിന്‍വറും കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രയേല്‍ അവകാശപ്പെട്ടത്. ഇസ്രയേലി മാധ്യമങ്ങളും നിരീക്ഷകരും സിന്‍വറിനെ കാണാനില്ലെന്നും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനോട് താല്‍പര്യമില്ലെന്നും അതിനാലാണ് സിന്‍വര്‍ ഇടനിലക്കാരുമായി ബന്ധപ്പെട്ടതെന്നും ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിന്‍വര്‍ ബന്ദി, വെടിനിര്‍ത്തല്‍ വിഷയങ്ങളില്‍ തന്റെ മുന്‍ നിലപാട് മാറ്റിയിട്ടില്ലെന്നും ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല മിസൈല്‍ ആക്രമണം നടത്തി. അരമണിക്കൂറിനിടെ നൂറിലേറെ മിസൈലുകളാണ് ഹൈഫയിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടത്.
പല മിസൈലുകളും ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനത്തെ മറികടന്നു എന്ന അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിസൈല്‍ ആക്രമണം വലിയ നാശനഷ്ടം ഹൈഫയില്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിസ്ബുല്ല അടുത്തിടെ നടത്തിയ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണ് ഹൈഫയിലേതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ലബനനില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡര്‍ നാസിം ഖസീം ആവശ്യപ്പെട്ടു.