ആക്രമണം കടുപ്പിച്ച് ഇസ്രയേൽ ;ഇസ്രയേലിനെതിരെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണം ശക്തം

ഒരേ സമയം ലബനനിലും ഗസയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യാപകമായ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

author-image
Rajesh T L
Updated On
New Update
ww1

ഒരേ സമയം ലബനനിലും ഗസയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യാപകമായ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ആക്രമണം തുടരുന്നതിനിടെ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ലബനന്  ഐക്യദാര്‍ഢ്യമറിയിച്ച് കൂറ്റന്‍ റാലിയും നടന്നു.

തെക്കന്‍ ലബനനില്‍ കരയാക്രമണം തുടങ്ങിയ ഇസ്രയേലിന് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വ്യോമാക്രമണം കടുപ്പിക്കുകയാണ്. ബെയ്റൂട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം 37 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 151 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ള നേതാവ് ഹാഷിം സൈഫുദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണം. ലബനന് പുറമെ ഗസയിലും വെസ്റ്റ്ബാങ്കിലുമെല്ലാം കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. വെസ്റ്റ്ബാങ്കിലെ തുല്‍കരിം അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേരും ഗസയിലെ ഖാന്‍യൂനുസിലും ദൈറുല്‍ ബലായിലും ബോംബാക്രമണത്തില്‍ 9 പേരും കൊല്ലപ്പെട്ടു.

ഇസ്രയേലിനെതിരായ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ്. വടക്കന്‍ ഇസ്രയേലിലേക്കും ഹൈഫയിലേക്കുമടക്കം നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. നവാതിം സൈനിക ക്യാമ്പും ഗോലാന്‍ എയര്‍ ബേസുമടക്കം സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണങ്ങള്‍. കഴിഞ്ഞ ദിവസം ഇറാഖില്‍ നിന്നുളള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു.

zone

ഇതുവരെ ബെയ്റൂട്ടില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഇവിടെ 11 തുടര്‍ ആക്രമണങ്ങള്‍ നടത്തിയതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഇസ്രയേല്‍ സൈന്യം ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഹിസ്ബുള്ളയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായ ഹാഷിം സഫീദ്ദീന്‍ വ്യോമാക്രമണത്തിന്റെ ലക്ഷ്യമാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ ആക്രമണം നടത്തി ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖലയുടെ തലവന്‍ മുഹമ്മദ് റാഷിദ് സകാഫിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച അറിയിച്ചിരുന്നു.

സിറിയയുമായുള്ള ലബനനിലെ മസ്ന അതിര്‍ത്തിയിലെ റോഡ്, ബോംബാക്രമണത്തില്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡാണ് ഉപയോഗശൂന്യമായത്. ലബനീസ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം, 300,000-ത്തിലധികം ആളുകള്‍ ഇസ്രയേലി ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ 10 ദിവസങ്ങളിലായി ലെബനനില്‍ നിന്ന് സിറിയയിലേക്ക് കടന്നിട്ടുണ്ട്.

dimls

ലെബനനിലെ 900 ഓളം ഷെല്‍ട്ടറുകളില്‍ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയാണെന്നും ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ കൂടുതലായി തുറസ്സായ സ്ഥലങ്ങളില്‍ ഉറങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു

ഇറാന്‍ തങ്ങളുടെ ബദ്ധശത്രുവായ ഇസ്രയേലിനെതിരെ ചൊവ്വാഴ്ച നടത്തിയ എക്കാലത്തെയും വലിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. അതേസമയം, മിഡില്‍ ഈസ്റ്റില്‍ യുദ്ധം ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു, എന്നാല്‍ അത്തരമൊരു യുദ്ധം ഒഴിവാക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നെന്നും ഡൈന്‍ സമ്മതിച്ചു.

ലബനനിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇസ്രയേല്‍ ആക്രമണത്തില്‍ 1,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. ഇതുവരെ, തെക്കന്‍ ലെബനനിലെ 77 ലധികം ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവരോട് അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച, ലെബനനിലെ 20 തെക്കന്‍ പട്ടണങ്ങളിലെ താമസക്കാരോട് ഉടനടി ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടിരുന്നു.

iran war bomb attack iran israel conflict