ഇറാന്റെ ആണവ-എണ്ണ കേന്ദ്രങ്ങളെ ഒഴിവാക്കാനാവശ്യപ്പെട്ട് ബൈഡൻ

ആണവനിലയങ്ങൾ ഇസ്രയേൽ ലക്ഷ്യംവെക്കുന്നുവെന്ന വാർത്തകളോട്, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമായിരുന്നു ബൈഡന്റെ പ്രതികരണം.

author-image
Vishnupriya
New Update
as

വാഷിങ്ടൺ: മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ ഇസ്രയേൽ തിരിയില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റിനെ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ആണവനിലയങ്ങൾ ഇസ്രയേൽ ലക്ഷ്യംവെക്കുന്നുവെന്ന വാർത്തകളോട്, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമായിരുന്നു ബൈഡന്റെ പ്രതികരണം.

ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ബൈഡൻ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ.റിപ്പോർട്ട് ചെയ്തത്. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞു.

ഹമാസ് ആക്രമണത്തിന്റെ വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ പ്രയാസമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

നേതാക്കളെ വധിച്ചതുകൊണ്ടൊന്നും ഇറാനും പ്രാദേശികസഖ്യകക്ഷികളും ഇസ്രയേലിനോടുള്ള ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ ഇനിയും ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറാണെന്നും ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.

അഞ്ചുവർഷത്തിനുശേഷമാണ് ഖമീനി വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തുന്നത്. അഫ്ഗാനിസ്താൻമുതൽ യെമെൻവരെയും ഇറാൻമുതൽ ഗാസവരെയുമുള്ള എല്ലാവരോടും ഇസ്രയേലിനെതിരായ നടപടിക്ക്‌ സജ്ജരാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ലെബനനിൽ ഇസ്രയേൽ നിരന്തരം ആക്രമണം അഴിച്ചു വിടുമ്പോഴും പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് ഇറാനും സജ്ജമാകുകയാണ്. കലുഷിതമായ പശ്ചിമേഷ്യയിൽ സമാധാനത്തിനായി യു.എൻ. അടക്കം ശ്രമിക്കുന്നുണ്ട്.

വെടിനിർത്തൽ ആഹ്വാനവുമായി ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമല്ലെന്നും ഇപ്പോൾ നടക്കുന്നത് കൂട്ടായ വംശഹത്യയാണെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമാദ് അൽ - താനി പറഞ്ഞു.

israel iran war baiden