ഇസ്രയേല്‍ എന്തുകൊണ്ട് യുദ്ധം നിര്‍ത്തുന്നില്ല? ഈ ചോദ്യം ഇന്ത്യയില്‍ നിന്നുപോലും ഉയരുന്നുണ്ട്.അങ്ങനെ നിര്‍ത്താന്‍ സാധിക്കുന്നതല്ല അവരുടെ ഈ ദൗത്യം. ഓരോ യുദ്ധം കഴിയുമ്പോഴും വളര്‍ന്ന് വളര്‍ന്ന് ഇസ്രയേല്‍ അത് തെളിയിക്കുകയുമാണ്.
1948-ലാണ് ഇസ്രയേല്‍ രാഷ്ട്രം രൂപീകരിച്ചത്. മിഡില്‍ ഈസ്റ്റിലെ ഭൂവിസ്തൃതിയുടെ 0.2 ശതമാനമാണ് ഇസ്രായേല്‍. അത് ഒരു ശതമാനത്തിന്റെ പത്തില്‍ രണ്ട് ഭാഗമാണ്.ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ വന്‍ ശക്തിയായി മാറിയ രാജ്യമാണ് ഇസ്രയേല്‍. അത് ആ ജനതയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്.
ഇസ്രയേല്‍ ശരിക്കും വിറച്ച ദിനമായിരുന്നു 2023-ഒക്ടോബര്‍ 7. ഇസ്രയേലിന് നേരെ ഹമാസ് തൊടുത്തത് നാലായിരത്തിലേറെ റോക്കറ്റുകളാണ്. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധമായ അയണ്‍ഡോമിന്റെ പ്രതിരോധം മറികടന്ന് ഇവയില്‍ ചിലത് രാജ്യത്ത് പതിച്ചു. ഇതിനൊപ്പം തന്നെ പുലര്‍ച്ചെ നൂറുകണക്കിന് ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി. അതിര്‍ത്തിയില്‍ ഇസ്രയേല്‍ തീര്‍ത്ത അതിശക്തമായ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തായിരുന്നു ഈ നീക്കം. വാഹനങ്ങളും പാരാമോട്ടറിങ്ങും ഉപയോഗിച്ചായിരുന്നു ഈ കടന്ന് കയറ്റം.
7000ത്തോളം ഭീകരര്‍ ഈ ഓപ്പറേഷനില്‍ പങ്കാളികളായി എന്നാണ് ഇസ്രയേലിന്റെ കണക്ക്. 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ്' എന്നായിരുന്നു ഹമാസ് ഈ ഓപ്പറേഷന് നല്‍കിയ പേര്.ബ്ലാക്ക് ശബത്ത് എന്നായിരുന്നു ഈ കടന്നുകയറ്റത്തെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.ഹമാസിന്റെ കടന്ന് കയറ്റത്തില്‍ 1,139 പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ ഔദ്യോഗിക കണക്ക്. ഡസന്‍ കണക്കിന് ബലാത്സംഗവും ലൈംഗികാതിക്രമവും കടന്നുകയറ്റത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് തൊട്ടുടത്ത ദിവസം മുതല്‍ ഇസ്രയേല്‍ അതിഭീകരമായ തിരിച്ചടി തുടങ്ങിയത്.
യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍,ഇസ്രയേലിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, കുറേ നിരപരാധികളെ കൊല്ലുകയല്ലാതെ എന്നൊരു നറേറ്റീവാണ് ഉയരുന്നത്. പക്ഷേ യാഥാര്‍ത്ഥ്യമതല്ല.ഇസ്രയേല്‍ എന്ത് നേടി എന്ന് ചോദിക്കുന്നവരോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അടക്കം കൃത്യമായ ഉത്തരമുണ്ട്.251 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നതെങ്കില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 117 പേര്‍ മോചിപ്പിക്കപ്പെട്ടു.ഇപ്പോള്‍ 64 പേര്‍ മാത്രമാണ് ഹമാസിന്റെ പിടിയിലുള്ളത്.70 പേര്‍ കൊല്ലപ്പെട്ടു. അതില്‍ പലതും ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു.
ഹമാസ് മൂച്ചൂടും തകര്‍ന്നു.കമാന്‍ഡമാര്‍ അടക്കം നൂറോളം നേതാക്കള്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹനിയ അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കും ജീവന്‍ നഷ്ടമായി.
ഒരു വര്‍ഷത്തെ കണക്ക് എടുക്കമ്പോള്‍,ഹമാസിന്റെ ഉന്നത നേതാക്കളില്‍ ഭൂരിഭാഗത്തെയും ഇസ്രേലി സേന വധിച്ചുകഴിഞ്ഞു.ബാക്കിയുള്ളവരാവട്ടെ ഏത് നിമഷവും കൊല്ലപ്പെടുമെന്ന ഭീതിയിലും.ഖത്തറിന്റെ സംരക്ഷണം ഒന്നുകൊണ്ടുമാത്രമാണ് അവര്‍ ഇന്നും ജീവനോടെയിരിക്കുന്നത്.
ഹമാസ് ഒളിച്ചിരിക്കുന്ന ഗസയാവട്ടെ തകര്‍ന്നു തരിപ്പണമായി. ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള ഗസ്സയില്‍ 42,000-ലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. 96,000-ലധികം പേര്‍ക്ക് പരുക്കേറ്റു.10,000-ത്തിലധികം പേര്‍ കാണാതായി. കൊല്ലപ്പെട്ടവരില്‍ 11,000-ലധികം കുട്ടികളും 6,000-ത്തിലധികം സ്ത്രീകളും ഉള്‍പ്പെടുന്നു. ഗസയില്‍ 55ല്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.33ല്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പട്ടിണിയും പോഷകാഹാരക്കുറവും ഗസയെ വേട്ടയാടുന്നുണ്ട്.കുടിവെള്ളവും ജീവന്‍ രക്ഷാമരുന്നും കിട്ടുന്നില്ല.ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.986 ആരോഗ്യപ്രവര്‍ത്തകരും 188 മാധ്യമപ്രവര്‍ത്തകരും ബോംബിംഗില്‍ കൊല്ലപ്പെട്ടു. 18.5 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഗസയില്‍ ഉണ്ടായി എന്നാണ് കണക്ക്.ഗാസ മുനമ്പിലെ 66% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 124 സ്‌കൂളുകളും ഇസ്രയേല്‍ തകര്‍ത്തു. 'ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസയിലെ കുട്ടികളുടെ ജീവിതമാണ്' എന്ന ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുകയാണ്.
പക്ഷേ ഒരുകാര്യം ഓര്‍ക്കണം,ആരാണ് ഈ ഭീകരമായ അവസ്ഥക്ക് ഉത്തരവാദി. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അവര്‍ക്കിടയില്‍ നിന്ന് റോക്കറ്റുകള്‍ വിടുന്ന ഹമാസ് തന്നെയല്ലേ.ഒക്ടോബര്‍ 7ന്റെ ആക്രമണം ഇല്ലായിരുന്നുവെങ്കില്‍ ഈ ജീവനുകള്‍ പൊലിയുമായിരുന്നോ? ഗസക്ക് വെള്ളവും വെളിച്ചവും,തൊഴിലും എല്ലാം നല്‍കുന്നത് ഇസ്രയേല്‍ ആണ്. ആയിരക്കണക്കിന് ആളുകളാണ് ഗസ്സയില്‍ നിന്ന് പ്രതിദിന പെര്‍മിറ്റ് വഴി ഇസ്രയേലില്‍ വന്ന് ജോലിക്ക് പോയിരുന്നത്.എന്നാല്‍ ഇരില്‍ പലരും തന്നെയാണ് ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ ഹമാസിന് ഒപ്പം ഉണ്ടായിരുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്.
ഗസ്സയിലെ പാവങ്ങളെ കൊന്നൊടുക്കിയിട്ട് ഇസ്രയേലിന് ഒന്നും കിട്ടാനില്ല. അവര്‍ തേടുന്നത് ഹമാസിനെയാണ് പക്ഷേ അവര്‍ ഒളിച്ചിരിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ്.ഹോസ്പിറ്റലുകളിലും,അഭയാര്‍ത്ഥി ക്യാമ്പുകളിലും, സ്‌കൂളുകളിലുമൊക്കെയാണ്. അവിടങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുമ്പോള്‍ സിവിലിയന്‍സും കൊല്ലപ്പെടുന്നു.മാത്രമല്ല,ഏതാണ്ട് 450 മൈല്‍ നീളമുള്ളതാണ് ഗസ്സയില്‍ ഹമാസ് ഉണ്ടാക്കിയ തുരങ്കങ്ങള്‍.ഗസ്സന്‍ മെട്രോ എന്നാണ് ഇത് അറിയപ്പെടുന്നത്.നഗരത്തിനുള്ളിലെ മറ്റൊരു സമാന്തര നഗരത്തില്‍ നിന്നാണ് ഹമാസ് യുദ്ധം ചെയ്യുന്നത്.
ഇവയെല്ലാം ജനവാസകേന്ദ്രങ്ങളിലാണ്.സിവിലിയന്‍സിന്റെ വീടുകളും, ആശുപത്രികളും പോലും ഇത്തരം തുരങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് തുരങ്കം തകര്‍ക്കാനുള്ള ബോംബിങ്ങില്‍ ആളുകള്‍ കൊല്ലപ്പെടുന്നത്.ഹമാസിന്റെ ഗസയിലെ തുരങ്ക ശൃംഖല 350 മുതല്‍ 450 മൈല്‍ വരെ നീളമുള്ളതാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഖാന്‍ യൂനിസില്‍ മാത്രം തുരങ്കത്തിന്റെ വാതിലുകള്‍ നിര്‍മിക്കുന്നതിനും ഭൂഗര്‍ഭ വര്‍ക് ഷോപ്പുകള്‍ക്കുമായി ഹമാസ് ഒരു മില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഗസ്സയില്‍ അവശേഷിക്കുന്ന ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയില്‍ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു.കമാന്‍ഡര്‍മാര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കൂടുതല്‍ ആഴമേറിയതും സൗകര്യപ്രദവുമാണ്.മാത്രമല്ല ഭൂമിക്കടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ്.പ്രവേശന കവാടങ്ങളുടെ ഭിത്തികളില്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.