ആംസ്റ്റര്‍ഡാം:എക്കാലത്തും പലസ്തീനികള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതില്‍ മുന്നില്‍നില്‍ക്കാറുള്ള മധ്യ അമേരിക്കന്‍ രാജ്യമായ നിക്വരാഗ്വ, ജര്‍മ്മനിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഇസ്രായേലിന് ഇപ്പോഴും തുടരുന്ന ആയുധക്കടത്തിനെതിരെയാണ് കേസ്.
ഗായില്‍ വംശഹത്യക്ക് ജര്‍മ്മനി ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് നിക്വരാഗ്വ വാദിക്കുന്നു. യൂറോപ്യന്‍ രാജ്യത്തിനെതിരായ നിയമനടപടിക്കിടെ ജനീവ ഉടമ്പടി നിരന്തരം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നിക്വരാഗ്വ വാദിക്കുന്നുണ്ട്. ലോക കോടതിക്ക് മുമ്പാകെ ഇസ്രായേല്‍ അധിനിവേശവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണിത്. ആദ്യം ദക്ഷിണാഫ്രിക്കയും പിന്നീട് യു.എന്‍ പൊതുസഭയുമായിരുന്നു വ്യവഹാരവുമായി എത്തിയിരുന്നത്.
അതനിടെ ആറു മാസത്തിനിടെ ആദ്യമായി ഗാസയിലേക്ക് ഒരു ദിവസം 300ലേറെ സഹായ ട്രക്കുകള്‍ കടത്തിവിട്ടിട്ടുണ്ട് ഇസ്രായേല്‍. രാജ്യാന്തര സമ്മര്‍ദം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമായി 322 ട്രക്കുകള്‍ തിരിച്ചത്.
കൊടുംപട്ടിണി വേട്ടയാടുന്ന ഗാസ തുരുത്തില്‍ ശരാശരി ദിവസം 500ലേറെ ട്രക്കുകള്‍ വേണ്ടിടത്ത് തെക്കന്‍ ഗാസയിലെ റാഫ, കറം അബൂസലം അതിര്‍ത്തികള്‍ വഴി ഭക്ഷണവുമായി 228ഉം മറ്റ് അവശ്യവസ്തുക്കളുമായി അവശേഷിച്ചവയും അതിര്‍ത്തി കടന്നു. ജലം, പഞ്ചസാര, ധാന്യപ്പൊടി എന്നിവയാണ് ഇവയിലുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ ഒരു ട്രക്കുപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കന്‍ ഗാസയിലേക്ക് ഇസ്രായേല്‍ അനുവദിച്ചിട്ടില്ല.
എന്നാല്‍ ഗാസായുദ്ധത്തിന്റെ പേരില്‍ ഇസ്രയേലിനുമേല്‍ വ്യാപാരനിയന്ത്രണങ്ങളേര്‍പ്പെടുത്തി തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. സിമന്റ്, ഇരുമ്പ്, ഉരുക്ക് തുടങ്ങി 54 വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണം. ഗാസയ്ക്ക് കൂടുതല്‍ സഹായമനുവദിക്കാന്‍ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിന് ഉപരോധമേര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്
ഗാസയ്ക്ക് വ്യോമമാര്‍ഗം സഹായം നല്‍കാനുള്ള ശ്രമം ഇസ്രയേല്‍ തടഞ്ഞെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി ആരോപിച്ചിരുന്നു. പിന്നാലെയാണ് വ്യാപാരനിയന്ത്രണം കൊണ്ടുവന്നത്.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് തടസ്സമില്ലാതെ ജീവകാരുണ്യസഹായമെത്തിക്കാനുള്ള വഴിതുറക്കുകയും ചെയ്യുംവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തുര്‍ക്കി വ്യാപാരമന്ത്രാലയം പറയുന്നുണ്ട്. അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അതിന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ അംഗീകാരം നല്‍കിയെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ പ്രതികരിച്ചു.
ആറ് മാസം മുമ്പ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും നാടും നഗരവും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാലംബരായി ആയിരക്കണക്കിന് പേരാണ് ഗാസയില്‍ കഴിയുന്നത്. 33175 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന കണക്കുകള്‍. വെസ്റ്റ് ബാങ്കില്‍ മാത്രം 459 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയിലേക്ക് ഇസ്രയേല്‍ 32000 തവണ വ്യോമാക്രമണം നടത്തി.
ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1170 ഇസ്രയേലികളും വിദേശികളുമാണ്. എത്ര അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പുറത്തുപറയാന്‍ ഹമാസ് തയ്യാറായിട്ടില്ലെങ്കിലും 12000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ പറയുന്ന കണക്ക്.
യുദ്ധം തുടങ്ങിയതോടെ ഇസ്രയേല്‍ സൈന്യത്തിന് 600 സൈനികരെ നഷ്ടമായി. 260 പേര്‍ ഗാസയില്‍ വച്ച് കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 17 ഇസ്രയേലി സൈനികരും ജനങ്ങളും കൊല്ലപ്പെട്ടു. ലബനനില്‍ നിന്നുള്ള ഹിസ്ബുള്ളയുടെ വ്യോമാക്രമണത്തില്‍ എട്ട് പൗരന്മാരും 10 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് നാടും നഗരവും വിട്ട് ഓടേണ്ടി വന്നു.
ഇസ്രയേലികളും വിദേശികളുമടക്കം 250 ഓളം പേരെ ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതില്‍ 129 പേര്‍ ഇപ്പോഴും ഗാസയില്‍ തുടരുകയാണ്. 34 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഇസ്രയേലിലേക്ക് തിരിച്ചയച്ചു. യുദ്ധം ആരംഭിച്ച് ഇതുവരെ ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് 9100 റോക്കറ്റുകള്‍ വിക്ഷേപിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത് 359 പേരാണ്. ഇതില്‍ ഹിസ്ബുള്ള അംഗങ്ങളാണ് അധികവും. 70 ഓളം ലെബനികള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തികടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് സതേണ്‍ ലബനനില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ക്ക് വീടുവിടേണ്ടി വന്നു. ഇസ്രയേലിന്റെ സിറിയയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 23 ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.