ഗാസ: അഭയാർത്ഥി ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം. 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസാ സ്ട്രിപ്പിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. നസ്റത്ത് അഭയാർത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്നവർ അഭയം തേടിയ സ്കൂൾ ആണ് ആക്രമിക്കപ്പെട്ടത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്കൂളിൽ അഭയം തേടിയിരുന്നത്.
വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് വിവരം. നാലാമത്തെ തവണയാണ് ഇത്തരത്തിൽ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ മാധ്യമ പ്രവർത്തകരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 7ന് ശേഷമുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം സ്കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സേന വിശദമാക്കി. സാധാരണക്കാർക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.