തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനയുടെ മൂന്ന് പോസ്റ്റുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. നഖൗറയിലെ യൂണിഫൈലിന്റെ പ്രധാന താവളം ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രസ്താവനയോ പ്രതികരണമോ ഉണ്ടായിട്ടില്ല.
റാസ് അല്‍ നഖൂറയുടെ അതിര്‍ത്തി പ്രദേശത്തേക്ക് മുന്നേറുന്നതിനിടെ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലി ടാങ്കിനെ ലക്ഷ്യം വച്ചതായി നേരെത്ത ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.
തെക്കുപടിഞ്ഞാറന്‍ ലെബനനിലെ സമാധാനപാലന കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ സൈന്യം അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് യൂണിഫൈല്‍ ഞായറാഴ്ച പറഞ്ഞിരുന്നു. ഇസ്രായേല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ച ചുമതലകള്‍ നിര്‍വഹിക്കുന്ന യുഎന്‍ സമാധാന സേനയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് സ്വീകാര്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബര്‍ മൂന്നിന് ഇസ്രായേല്‍ സൈന്യത്തിന് അയച്ച കത്തില്‍ ഇസ്രായേലി സൈനിക വാഹനങ്ങളും സൈനികരും യുഎന്‍ സ്ഥാനങ്ങള്‍ക്ക് സമീപം നിലയുറപ്പിച്ചതിനെ യൂനിഫൈല്‍ എതിര്‍ത്തിരുന്നു.