ജറുസലം: വെസ്റ്റ് ബാങ്കിനു സമീപം തുൽകര്മിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടു. തുൽകര്മിലെ അഭയാർഥി ക്യാംപിനുനേരെ സൈന്യം ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
തുൽകര്മിൽ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ആക്രമണം ആർക്കും സുരക്ഷയും സ്ഥിരതയും നൽകില്ലെന്നും മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്നും പലസ്തീൻ വ്യക്തമാക്കി.
അതേസമയം, ലബനനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 37 കൊല്ലപ്പെട്ടെന്നും 151 പേർക്ക് പരുക്കേറ്റെന്നും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഹാഷിം സഫിയെദ്ദീനെ ലക്ഷ്യമിട്ടാണെന്ന് ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.