ഇസ്രയേൽ വ്യോമാക്രമണം; ​ഗാസയിൽ കുട്ടികളുൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം 10 പേർ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. തങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും ഉറങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും പ്രദേശവാസികൾ പറയുന്നു.

author-image
anumol ps
New Update
israel attack in gaza

ഗാസ: ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം 10 പേർ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. തങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും ഉറങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും പ്രദേശവാസികൾ പറയുന്നു. വടക്കൻ ഗാസ മുനമ്പിൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച മാത്രം ഗാസയിൽ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ 34 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇതുവരെ 42,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് പരുക്കേറ്റു.

അതേസമയം ഗാസയിൽ മാനുഷിക സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനകം സഹായം എത്തിക്കാനാണ് അമേരിക്കയുടെ നിർദേശം. ഇല്ലെങ്കിൽ ഇസ്രയേലിനുള്ള സൈനിക പിന്തുണ വെട്ടി ചുരുക്കുമെന്നും അമേരിക്ക പറഞ്ഞു. മാനുഷിക സഹായം നിഷേധിക്കുന്ന രാജ്യങ്ങൾക്കുള്ള സൈനിക സഹായം നിരോധിക്കുന്ന അമേരിക്കൻ നിയമം നടപ്പിലാക്കുമെന്നും അറിയിച്ചു.

ഗാസയ്ക്ക് പുറമെ ലെബനനിലും സംഘർഷങ്ങൾ ഒഴിയുന്നില്ല. ലെബനൻ ഗ്രാമമായ ഖാനയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഒരു ആരോഗ്യ കേന്ദ്രവും തകർന്നു. ഹിസ്ബുള്ളയുമായുള്ള ആക്രമണം ആരംഭിച്ചത് മുതൽ 12ലധികം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ‌

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 2350ലധികം പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. എന്നാൽ ലെബനനിൽ നിന്നും വടക്കൻ ഇസ്രയേലിലേക്ക് 50നടുത്ത് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. ചില മിസൈലുകൾ തടഞ്ഞെങ്കിലും ചില സ്ഥലങ്ങളിൽ കേടുപാടുകൾ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. അതേസമയം പരുക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

gaza israel Attack