ഇറാന്റെ ചാരന്മാരെ പൊക്കി ഇസ്രയേല്‍

അമേരിക്കന്‍ സേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. യുദ്ധം തീര്‍ക്കാനോ എരിതീയില്‍ എണ്ണ ഒഴിക്കാനോ എന്ന ചോദ്യവും ഉയരുകയാണ്. യുദ്ധം ആരംഭിച്ച ശേഷം ഇത് പതിനൊന്നാം തവണയാണ് ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.

author-image
Rajesh T L
New Update
arrest

അമേരിക്കന്‍ സേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. യുദ്ധം തീര്‍ക്കാനോ എരിതീയില്‍ എണ്ണ ഒഴിക്കാനോ എന്ന ചോദ്യവും ഉയരുകയാണ്. യുദ്ധം ആരംഭിച്ച ശേഷം ഇത് പതിനൊന്നാം തവണയാണ് ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഇസ്രയേലിന്റെയും അവരെ സഹായിക്കുന്ന അമേരിക്കയുടെയും അടക്കം ഇന്റലിജന്‍സ് സംവിധാനങ്ങളെ ചോദ്യമുനയില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇസ്രയേലിലെ സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ഉന്നതരെ ഉള്‍പ്പെടെ നിരീക്ഷണം നടത്തുകയും ചെയ്തെന്ന് ആരോപിച്ച് ഇസ്രയേല്‍ പൗരന്മാരുടെ ഒരു വലിയ ശൃംഖലയെ തന്നെ ഇസ്രയേലി പൊലീസും ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സംഘം ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാണ് ഇസ്രയേല്‍ പറയുന്നത്.

രണ്ട് വര്‍ഷമായി ഈ ശൃംഖല സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടപ്പോള്‍ അതുവരെ മൊസാദും മറ്റ് ഏജന്‍സികളും എന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇപ്പോള്‍ പിടികൂടപ്പെട്ട ഈ സംഘത്തിന് പുറമെ മറ്റ് എത്ര സംഘങ്ങള്‍ ഇസ്രയേലില്‍ രഹസ്യ ദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതിനും നിലവില്‍ ഇസ്രയേല്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ തെളിവുകളില്ല. പിടികൂടപ്പെട്ടവര്‍ക്ക് പോലും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് പുറത്ത് വരുന്ന വിവരം.

ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും എല്ലാമെതിരെ അവരുടെ പാളയത്തിലെ ചാരന്‍മാരെ ഉപയോഗിച്ച് പകവീട്ടുന്ന ഇസ്രയേലിന് അതേ നാണയത്തില്‍ തന്നെയാണ് ഇറാന്‍ അനുകൂല സംഘടനകള്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ അങ്ങനെ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഏത് പ്രതിസന്ധിയിലും ഒറ്റക്കെട്ടായി നില്‍ക്കുന്ന പൗരന്മാരുള്ള രാജ്യം എന്ന് ലോകം വിലയിരുത്തുന്ന ഇസ്രയേലിലാണ് അവരുടെ പൗരന്മാരെ തന്നെ ഇറാന്‍ ചാരന്മാരാക്കി പണി കൊടുത്തിരിക്കുന്നത്. ഈ സംഭവം ലോക രാജ്യങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇസ്രയേല്‍ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിരിയ എന്നറിയപ്പെടുന്ന ടെല്‍ അവീവിലെ പ്രതിരോധ ആസ്ഥാനവും നെവാറ്റിം, റമാത് ഡേവിഡ് എന്നീ എയര്‍ബേസുകള്‍ ഉള്‍പ്പെടെ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ താവളങ്ങളെയും സൗകര്യങ്ങളെയും കുറിച്ചുള്ള ഫോട്ടോഗ്രാഫുകളും മറ്റ് വിവരങ്ങളും ശേഖരിച്ചു എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇറാന്റെ രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ നെവാറ്റിം ബേസ് ലക്ഷ്യമാക്കിയാണ് നടന്നിരുന്നത് റമാത് ഡേവിഡിനെ ആകട്ടെ ഹിസ്ബുള്ളയും ലക്ഷ്യമിട്ടിരുന്നു. ഇറാന്‍ ചേരിക്ക് വിവരം നല്‍കിയത് സ്വന്തം പൗരന്മാര്‍ തന്നെയാണെന്ന വിവരം ഇസ്രയേല്‍ ഭരണകൂടത്തിനും നാണക്കേടായിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനിടെ ഈ ചാരസംഘം 600 ദൗത്യങ്ങള്‍ നടത്തിയതായാണ് ഇസ്രയേല്‍ പൊലീസ് പറയുന്നത്. അടുത്ത കാലത്തന്വേഷിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ കേസുകളില്‍ ഒന്നാണിതെന്നാണ് ഉന്നത ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാരും പറയുന്നത്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് ഒരു ഇസ്രയേലി വ്യവസായിയെ കഴിഞ്ഞ സെപ്തംബറില്‍ ഇസ്രയേല്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ശൃംഖലയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍, എന്നിവരെ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വ്യവസായി രണ്ടുതവണ ഇറാനില്‍ പോയിരുന്നതായാണ് ഇസ്രയേല്‍ കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ അസര്‍ബൈജാനില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട ചിലരാണ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചതിനുള്ള കുറ്റമാണ് ഇസ്രയേല്‍ വ്യവസായിയടക്കം പിടികൂടപ്പെട്ട എല്ലാ ഇസ്രയേലികള്‍ക്കും മീതെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഇസ്രയേല്‍ ഏജന്‍സി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 21ന് പിടികൂടപ്പെട്ട ഏഴ് ഇസ്രയേലി പൗരന്‍മാര്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ താവളങ്ങളിലെയും... ഊര്‍ജ -അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള... തന്ത്രപ്രധാനമായ വിവരങ്ങളും... ശേഖരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ ഇസ്രയേലിലെ സെന്‍സിറ്റീവ് സൈറ്റുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് മൂന്ന് പ്രതികളെ പിടികൂടിയിരുന്നത്. അവരുടെ കൈവശത്ത് നിന്നും ഡസന്‍ കണക്കിന് രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അല്‍ഖാന്‍, ഓര്‍ഖാന്‍ എന്നറിയപ്പെടുന്ന രണ്ട് ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രതികള്‍ ഒന്നിലധികം സുരക്ഷാ ദൗത്യങ്ങള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധമായി കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നാണ് പറയുന്നത്.

ഈ പുതിയ അറസ്റ്റുകള്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ കഴിവുകളല്ല ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയും നാള്‍ ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടും കണ്ടെത്താന്‍ പറ്റാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. ഇസ്രയേല്‍ നന്നായി വികസിപ്പിച്ചെടുത്ത അവരുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മീതെ ശത്രുക്കള്‍ പറന്നു എന്നു തന്നെ വേണം കരുതാന്‍. അതായത്, ഇറാന്റെയും അവരുടെ അനുകൂലികളുടെയും നേതൃത്വത്തില്‍ നിരവധി സംഘങ്ങള്‍ ഇസ്രയേലില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.

ഇസ്രയേലിനെ സംബന്ധിച്ച് വന്‍ സുരക്ഷാ വീഴ്ച തന്നെയാണിത്. ഗാസയിലും ലെബനനിലും സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ട് പോകുമ്പോള്‍ ഇറാന്‍, ഇസ്രയേല്‍ പൗരന്മാരെ ഉപയോഗിച്ച് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ വലിയ പണിയാണ് നടത്തിയിരിക്കുന്നത്. അതിന്റെ പ്രത്യക്ഷ തെളിവ് കൂടിയാണ് ഈ അറസ്റ്റ്.

iran Arrest israel. hamas israel iran news updates israel iran conflict spy work