ജറൂസലം: കിഴക്കൻ ഗാസയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി കിഴക്കൻ റഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീനികളോട് സൈന്യം ആവശ്യപ്പെട്ടു.തിങ്കളാഴ്ച ഒരുലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് ഇസ്രായേൽ അറിയിച്ചത്. കൈറോയിൽ നടന്ന ഗാസ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് റഫയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നീക്കത്തിലേയ്ക്ക് ഇസ്രായേൽ സൈന്യം കടന്നത്.
റഫയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ എട്ട് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു.മറുപടിയായി ഞായറാഴ്ച ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.അതിനിടെ, റഫയിലെ സൈനിക നീക്കം കൂട്ടക്കുരുതിക്ക് ഇടയാക്കുമെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ വക്താവ് ഹാദിദ് അറിയിച്ചു. കൂട്ടമായി ആളുകൾ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ യു.എസ് അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും ഹാദിദ് വ്യക്തമാക്കി.