ജറുസലം: തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾ തുടരുന്നതിനിടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസബ്, ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണെന്നും സൈന്യം വ്യക്തമാക്കി.
എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വർഷങ്ങളായുള്ള സംഘർഷം അവസാനിപ്പിക്കുകയും തകർന്ന പാലസ്തീൻ മേഖലയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥകൾ വെടിനിർത്തൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി.