വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 73 പേർ കൊല്ലപ്പെട്ടു ,ഹമാസിന് അന്ത്യശാസനം

സിൻവറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകൾ തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം വിമാനത്തിൽ നിന്നു വിതറി.

author-image
Vishnupriya
New Update
israel airstrike against yemen

ജറുസലം: വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേറ്റെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തിൽ തകർന്നു. 

ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശനിയാഴ്ച ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. ബൈയ്ത് ലഹിയയിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. 

ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടതിനു പിന്നാലെ സിൻവറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകൾ തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം വിമാനത്തിൽ നിന്നു വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നായിരുന്നു ലഘുലേഖകളിൽ ഉണ്ടായിരുന്നത്. ആയുധം വച്ച് കീഴടങ്ങുന്നവരെയും ബന്ദികളായ ഇസ്രയേലുകാരെ വിട്ടയയ്ക്കുന്നവരെയും സമാധാനമായി ജീവിക്കാൻ അനുവദിക്കുമെന്നും ലഘുലേഖയിലുണ്ട്. വടക്കൻ ബെയ്റൂട്ടിൽ പൗരന്മാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടും ലഘുലേഖകൾ വിതരണം ചെയ്തു .

നേരത്തെ, യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. ലബനനിൽനിന്നും വിക്ഷേപിച്ച ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേൽ അധികൃതർ അറിയിച്ചു.

israel gaza israel airstrike