തിരിച്ചടിക്കുമോ ഇസ്രയേല്‍ ?

ഇസ്രായേല്‍ ഇനി തിരിച്ചടിക്കാതെ നില്‍ക്കുകയാണെങ്കില്‍ തത്കാലം ഇറാന്‍ ഈ ആക്രമണത്തോടെ അടങ്ങിയിരിക്കാനാണ് സാധ്യത. പക്ഷേ ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനില്‍നിന്ന് വലിയ പ്രതികരണമുണ്ടാകുമെന്ന് ഇറാനിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഖരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

author-image
Rajesh T L
New Update
israel iran

israel iran war

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെല്‍ അവീവ്: ഇറാനെതിരെ ഇസ്രായേല്‍ വ്യോമാക്രമണത്തിന് മുതിരുമോ എന്നതിന്റെ ആശങ്കയിലാണ് ലോകം. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യ വീണ്ടും ചോരക്കളമാകും.ഇസ്രായേല്‍ ആക്രമിച്ചാല്‍ യുദ്ധം കനത്തതാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന അമേരിക്കന്‍ താത്പര്യങ്ങള്‍ക്കപ്പുറം നെതന്യാഹു പോയാല്‍ ലോകരാഷ്ട്രീയം തന്നെ കലങ്ങിമറിയും.

ഏപ്രില്‍ ഒന്നിന് ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് നിയമാനുസൃതമായ മറുപടിയെന്നാണ് ഇപ്പോഴത്തെ ആക്രമണത്തെ കുറിച്ച് ഇറാന്‍ പറയുന്നത്. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങള്‍ ആക്രമിച്ചാല്‍, പ്രത്യാക്രണമത്തിന് ഏതൊരുരാജ്യത്തിനും അവകാശമുണ്ട്.

ഇസ്രായേല്‍ ഇനി തിരിച്ചടിക്കാതെ നില്‍ക്കുകയാണെങ്കില്‍ തത്കാലം ഇറാന്‍ ഈ ആക്രമണത്തോടെ അടങ്ങിയിരിക്കാനാണ് സാധ്യത. പക്ഷേ ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനില്‍നിന്ന് വലിയ പ്രതികരണമുണ്ടാകുമെന്ന് ഇറാനിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഖരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇസ്രയേലിനെ ഇനിയും ആക്രമണത്തില്‍ പിന്തുണച്ചാല്‍ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ വേണ്ടെന്ന നിലപാടാണ് ബൈഡന്‍ ഭരണകൂടത്തിനുള്ളത്.

ഇക്കാര്യം ബൈഡന്‍ നെതന്യാഹുവിനെ അറിയിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതു കേട്ട് നെതന്യാഹു അടങ്ങിയിരിക്കുകയാണെങ്കില്‍ യുദ്ധഭീതി ഇല്ലാതാകും. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നെതന്യാഹു ഇറാനെതിരായ ആക്രമണം തുടര്‍ന്നാല്‍ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്ന യുദ്ധമായി അത് മാറും. ഇറാനെ പിന്തുണക്കാന്‍ റഷ്യയോ ചൈനയോ വടക്കന്‍ കൊറിയയോ നേരിട്ടെത്തിയാല്‍ രംഗം മാറും.

ഇത് ലോക സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരമൊരു സാഹചര്യം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും മേല്‍ ജിസിസി രാഷ്ട്രങ്ങളുടെ സമ്മര്‍ദം ശക്തമാണ്.

2023 ഒക്ടോബര്‍ 7 മുതല്‍ തുടങ്ങിയ സംഘര്‍ഷങ്ങളുടെ ബാക്കി പത്രമാണിത്. ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന നടത്തുന്ന വംശഹത്യാ സമാനമായ ആക്രമണങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമെന്ന നിലയില്‍, ഹൂതികളില്‍ നിന്നും ഹിസ്ബുള്ളയില്‍ നിന്നും ഇസ്രയേലിനെതിരേ പ്രത്യാക്രമണങ്ങള്‍ നടക്കുന്നുണ്ട്. ലബനീസ് അതിര്‍ത്തിയില്‍ നിന്നും ചെങ്കടലില്‍ നിന്നുമാണ് പ്രധാനമായും ഇസ്രയേല്‍ ഭീഷണി നേരിടുന്നത്. തങ്ങള്‍ക്കെതിരേ മിഡില്‍ ഈസ്റ്റില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നത് ഇസ്രയേലിന്റെ തുടക്കം മുതലുള്ള ആരോപരണമാണ്. അമേരിക്കയും മറ്റു പാശ്ചാത്യ സഖ്യകക്ഷികളും ഇക്കാര്യത്തില്‍ ഇസ്രയേലിനൊപ്പം നിന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നവരാണ്. മറുഭാഗത്ത്, ഇറാന്‍ ആരോപിക്കുന്നത് അമേരിക്കയും ഇസ്രയേലും യുകെയുമെല്ലാം ചേര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയാണെന്നാണ്.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഇപ്പോള്‍ അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുകയയാണെങ്കിലും, ആദ്യകാലത്ത് അങ്ങനെയായിരുന്നില്ല. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍ സൗഹൃത്തുക്കളായിരുന്ന ഇറാനെയും ഇസ്രയേലിനെയും കാണാം. 1948 ല്‍ ഇസ്രയേല്‍ രൂപീകൃതമായശേഷം അവരെ മിഡില്‍ ഈസ്റ്റില്‍ നിന്നും അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇറാന്‍ ആയിരുന്നു. 1979 വരെ അവരുടെ ബന്ധം സാഹാര്‍ദ്ദപരമായിരുന്നു. പിന്നീടത് തെറ്റി.

ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തിലാണ് കലാശിച്ചത്. ആ യുദ്ധത്തില്‍ ഇറാന്‍ അറബ് രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിയായില്ല. എന്നു മാത്രമല്ല, യുദ്ധത്തില്‍ വിജയികളായ ഇസ്രയേലുമായി ഇറാന്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു. തുര്‍ക്കിക്കു പിന്നാലെ ജൂത രാജ്യവുമായി നയതന്ത്രത്തിലേര്‍പ്പെടുന്ന രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാന്‍.

അറബ് സഖ്യത്തില്‍ ഉള്‍പ്പെടാത്തവരും, അതേസമയം മുസ്ലിം ഭൂരിഭക്ഷവുമായ തുര്‍ക്കി, ഇസ്ലാമിക വിപ്ലവപൂര്‍വ ഇറാന്‍ എന്നിവര്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൗഹൃദം കാംക്ഷിക്കുന്നവരായിരുന്നു. ആ ഘട്ടത്തില്‍ പഹ്ലവി രാജവംശത്തിലെ ഷാ മുഹമദ്ദ് റെസാ പഹ്ലവിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഇറാന്‍. അമേരിക്കയെ പിന്തുണയ്ക്കുന്നവരായിരുന്നു പഹ്ലവി ഭരണകൂടം. അമേരിക്കയുമായുള്ള ബന്ധത്തിനു പുറത്താണ് ഇസ്രയേലിനോടും അവര്‍ അടുപ്പം സ്ഥാപിച്ചത്. പരസ്പരമുള്ള സഹായ സഹകരണങ്ങള്‍ക്ക് രണ്ടു പേരും ധാരണയിലായി. അറബ് സഖ്യങ്ങള്‍ ഇസ്രയേലിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് ഇറാന്‍ ഇസ്രയേലിന് എണ്ണ വില്‍പ്പന നടത്തി.

1979 ല്‍ ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ് ഇറാനില്‍ ഇസ്ലാമിക വിപ്ലവം അരങ്ങേറി. രാജ്യം പൂര്‍ണമായി മതാധിഷ്ഠിതമായി. അതോടൊപ്പം ഇസ്രയേലിനോടുള്ള അവരുടെ കാഴ്ച്ചപ്പാടും മാറി. പലസ്തീന്‍ മണ്ണ് കൈയേറിയവരായി ഇസ്രയേല്‍.

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമൈനി അമേരിക്കയെ വലിയ ചെകുത്താന്‍ എന്നും ഇസ്രയേലിനെ ചെറിയ ചെകുത്താനെന്നുമാണ് അധിക്ഷേപിച്ചത്. ഇരുവരുമാണ് മധ്യേഷ്യന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഖൊമൈനി കുറ്റപ്പെടുത്തി. മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഇറാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അമേരിക്കയുടെ സഖ്യകക്ഷികളായ സൗദി അറേബ്യയെയും ഇസ്രയേലിനെയും അവര്‍ വെല്ലുവിളിച്ചു.

അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക സമന്വയമായ പാന്‍-അറബ് ആശയത്തിന്റെ വക്താവായിരുന്ന ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസര്‍, അറബ് കൂട്ടായ്മയിലേക്ക് ഇറാനെ ഒരിക്കലും സ്വാഗതം ചെയ്തിരുന്നില്ല. നാസറിന്റെ മരണത്തിനു പിന്നാലെ,1970 കളിലാണ് ഇറാന്‍ ഈജിപത് ബന്ധം ഊഷ്മളമാകുന്നത്. അതുപോലെ, ഖുര്‍ദിഷ്-ഇറാഖ് വിഘടനവാദികള്‍ക്ക് ആയുധ വിതരണം ചെയ്യുന്നതു നിര്‍ത്താന്‍ ഇറാന്‍ തയ്യാറായതിനു പിന്നാലെ ഇറാഖ്-ഇറാന്‍ ശത്രുതയില്‍ അയവ് വന്നതും ബാധിച്ചത് ഇസ്രയേല്‍-ഇറാന്‍ നയതന്ത്രബന്ധത്തെയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ഒരിക്കലും നേരിട്ടുള്ള ഏറ്റുമുട്ടലിലിലേക്ക് രണ്ടുപേരും എത്തിയിരുന്നില്ല. അതേസമയം തന്നെ നിഴല്‍ യുദ്ധങ്ങളിലൂടെയും പരിമിതമായ ആക്രമണങ്ങളിലൂടെയും ഇരുഭാഗവും പരസ്പരം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഇറാന്റെ ആണവ പദ്ധതികളെ ഇസ്രയേല്‍ കാലാകാലങ്ങളായി ലക്ഷ്യം വയ്ക്കുന്നുണ്ട്. ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇറാനെ തടയുന്നതിന്റെ ഭാഗമായി 2010 ന്റെ ആരംഭത്തില്‍ അവരുടെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേല്‍ ലക്ഷ്യം വച്ചിരുന്നു.

2010 ല്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് സ്റ്റക്‌സ്‌നെറ്റ് എന്ന പേരില്‍ ഒരു അക്രമകാരിയായ കമ്പ്യൂട്ടര്‍ വൈറസ് വികസിപ്പിച്ചെടുത്തുവെന്നാണ് ആരോപണം. ഈ വൈറസ് ഉപയോഗിച്ചത് ഇറാന്റെ നതാന്‍സ് ആവണശാലയിലെ യുറേനിയം സമ്പുഷ്ടീകരണം തകര്‍ക്കാനായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍ക്കെതിരേ നടത്തിയ ആദ്യത്തെ പരസ്യമായ സൈബര്‍ ആക്രമണമായാണ് ഇതറിയപ്പെടുന്നത്.

ഇറാനെതിരേ പാശ്ചാത്യരാജ്യങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ അമേരിക്കന്‍-ഇസ്രയേല്‍ വിരുദ്ധ തീവ്രവാദ സംഘടനകള്‍ക്ക് ആയുധ-സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്നതാണ്. ലബനന്‍ കേന്ദ്രീകരിച്ചുള്ള ഹിസ്ബുള്ള, ഗാസയിലെ ഹമാസ് എന്നിവരെ പിന്തുണയ്ക്കുന്നൂ എന്നതാണ് മുഖ്യ ആരോപണം. 

 

israel israel iran israel iran war israel iran attack israel iran news updates