പശ്ചമിമേഷ്യയിലെ യുദ്ധ സാഹചര്യം ഇപ്പോള്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. ഇറാനെ ഏത് നിമിഷവും ആക്രമിക്കാന്‍ തയാറെടുത്ത് നില്‍ക്കുകയാണ് ഇസ്രയേല്‍. തിരിച്ചടിക്കാന്‍ ഇറാനും. അങ്ങനെ കൈവിട്ടുപോകുമെന്ന സ്ഥിതിയായിരിക്കെയാണ് ഇപ്പോള്‍ പുതിയൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.
തുര്‍ക്കിയില്‍ പ്രതിരോധ കമ്പനിയായ തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ ആക്രമണം നടത്തിയത് ഐഎസ് ഭീകരവാദികളാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇവിടെ കടന്നുകയറി ആക്രമിക്കാന്‍ ഭീകരര്‍ തിരഞ്ഞെടുത്തത് ജീവനക്കാര്‍ ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയമായിരുന്നു. ആയുധധാരികള്‍ ഓരോരുത്തര്‍ക്ക് കടക്കാവുന്ന ഗേറ്റിലൂടെ കെട്ടിടസമുച്ചയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്നതിനിടെയാണ് ഭീകരര്‍ ഒരു ടാക്‌സിയില്‍ സമുച്ചയത്തിന് മുന്നിലെത്തിയത്. തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4 മണിയോടയാണ് റൈഫിളുകളുമായി സംഘം കടന്നുകയറിയത്.
അക്രമികളില്‍ ഒരു സ്ത്രീയെയും പുരുഷനെയും കീഴ്‌പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും 14 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുഭീകരരും ഉള്‍പ്പെടുന്നു. പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദൊഗാന്‍, റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കസാനില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.
അങ്കാറയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കഹ്രാമാന്‍കസാന്‍ എന്ന ചെറിയ പട്ടണത്തിലാണ് സംഭവം.
ടി എ ഐ ആസ്ഥാനത്ത് കടന്നുകയറിയ ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് വിവരം. അക്രമികളില്‍ ഒരാള്‍ സ്ത്രീയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനിയാണ്. വലിയതോതില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ 15,500 പേര്‍ ജോലി ചെയ്യുന്നു. 50 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ ഉത്പാദന കേന്ദ്രവുമുണ്ട്.
ഇസ്താന്‍ബുളില്‍ ഒരു കത്തോലിക്ക പള്ളിയില്‍ ജനുവരിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ആണ് അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
അടുത്തകാലത്തായി ശാന്തരായിരുന്ന ഐഎസ് ഭീകരവാദികള്‍ വീണ്ടും തലപൊക്കിത്തുടങ്ങുകയാണെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പില്‍ അമേരിക്കയുടെ വ്യോമാക്രമണം നടന്നത്. രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തില്‍ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെയും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അല്‍-ദിനിന്റെയും നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ 16, സെപ്തംബര്‍ 24 തീയതികളിലാണ് സിറിയയില്‍ ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൂചനയില്ല. സെപ്തംബര്‍ 16 ന് സെന്‍ട്രല്‍ സിറിയയിലെ ഒരു അജ്ഞാത സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്ന ഐഎസ് ട്രെയിനിംഗ് ക്യാമ്പിലാണ് അമേരിക്ക വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ നാല് സിറിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 28 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പറയുന്നു.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഐഎസിന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് വ്യോമാക്രമണങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നത്. ഐഎസിന്റെ തിരിച്ചുവരവ് തടയാനായി ഏകദേശം 900 യുഎസ് സേനകളെ സിറിയയില്‍ വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ച് ജൂലൈയില്‍ ആയിരുന്നു. ഭീകരവാദ സംഘടനയുമായുള്ള പങ്കും, യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കുന്നു. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വധശിക്ഷ.
ഇവരുടെ പേര് കോടതി പറഞ്ഞിട്ടില്ല. അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് എഎഫ്പി റിപ്പോര്‍ട്ടിലുണ്ട്. അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ ഇവരെ തൂക്കിലേറ്റും. അഞ്ച് വര്‍ഷം മുമ്പാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്. തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട അല്‍ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയില്‍ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അല്‍-ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളെയും മറ്റ് കുടുംബാംഗങ്ങളെയും പിടികൂടിയതായി തുര്‍ക്കി പറഞ്ഞിരുന്നു. ഇതിലുള്ള പ്രതികാരമാണോ ഇപ്പോഴത്തെ ആക്രമണം എന്ന സംശയവും ഉയരുന്നുണ്ട്.