ഇസ്രയേലിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ വധിക്കാന്‍ ഇറാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ കില്‍ ലിസ്റ്റില്‍ തെക്കന്‍ ഇസ്രയേലിലെ നെവാറ്റിം എയര്‍ബേസിന്റെ കമാന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇറാന്റെ പദ്ധതിയുടെ ലക്ഷ്യം ബ്രിഗേഡിയര്‍ ജനറല്‍ യോത്തം സിഗ്ലര്‍ ആണെന്നാണ് ചാനല്‍ 12ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഡിഎഫിന്റെ ചീഫ് ഓഫ് സ്റ്റാഫിന് സമാനമായ സുരക്ഷയാണ് നൊവാറ്റിം എയര്‍ബേസ് കമാന്‍ഡര്‍ക്കും ഒരുക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബറില്‍ ഇദ്ദേഹത്തെ വധിക്കാനുള്ള ഇറാന്റെ ശ്രമം ഇസ്രയേല്‍ പരാജയപ്പെടുത്തിയിരുന്നു എന്നാണ് വിവരം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറാനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏഴുപേരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരെല്ലാം ജൂതന്മാരാണെന്നും ഐഡിഎഫിന്റെ തന്ത്രപരമായി വിവരങ്ങള്‍ ഇറാനുവേണ്ടി ഇവര്‍ ശേഖരിക്കുകയായിരുന്നു എന്നുമാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ, ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗോലെസ്ഥാന്‍ പ്രവിശ്യയിലെ നിനീവ ബ്രിഗേഡിന്റെ കമാന്‍ഡറായ ജനറല്‍ ഹമീദ് പൈലറ്റ് ഹമദ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇറാനിയന്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിര്‍കാന്‍ എന്ന നഗരത്തിന് സമീപമാണ് അപകടം.
എന്നാല്‍ അപകടത്തിന്റെ മറ്റ് വിശദാംശങ്ങള്‍ സേന പുറത്ത് വിട്ടിട്ടില്ല. സംഘര്‍ഷ പശ്ചാത്തലത്തില്‍ സംശയത്തിന്റെ എല്ലാ കണ്ണുകളും ഇസ്രയേലിലേക്കാണ് നീളുന്നത്. മുമ്പും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ട് മാസങ്ങളേ ആയിട്ടുള്ളു. ഇതിന് പിന്നില്‍ ഇസ്രയേലും മൊസാദും ആണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവം കൂടി ഉണ്ടായിരിക്കുന്നത്.
ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്ന ഹെലികോപ്ടര്‍ റോട്ടര്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററിനോട് സാമ്യമുള്ള ഓട്ടോറഗയാണെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരതമ്യേന ഹെലികോപ്റ്ററിനെക്കാള്‍ വലുപ്പത്തില്‍ ചെറുതുമായ ഓട്ടോഗിറോ പ്രധാനമായും പൈലറ്റ് പരിശീലനത്തിനും അതിര്‍ത്തി നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇറാന്‍ സേനയില്‍ ഇവ സര്‍വസാധാരണയായി ഉപയോഗിക്കാറുണ്ട്.ഒരേസമയം രണ്ട് ആളുകളെ മാത്രമേ ഇവയ്ക്ക് വഹിക്കാനാകൂ.
ഒക്ടോബര്‍ 26ന് ഭീകരരുമായുണ്ടായ ആക്രമണത്തില്‍ 10 ഇറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൊലീസ് ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.ഐ.ആര്‍.ജി.സിയും ബലൂച്ച് ന്യൂനപക്ഷത്തില്‍ നിന്നുള്ള വിമതരും റാഡിക്കല്‍ സുന്നി ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പ്രവിശ്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജനറല്‍മാര്‍ കൊല്ലപ്പെട്ടത്.ഈ വര്‍ഷം മെയ് 19ന് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കൊപ്പം അന്നത്തെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയനും മറ്റ് ആറ് പേരും ഉണ്ടായിരുന്നു.