ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉയര്‍ത്തി ഇറാന്‍. ഒക്ടോബര്‍ 26 ന് ഇസ്രയേല്‍, ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമണം നടത്തിയത് അന്തര്‍ദേശീയ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍, ഇറാഖിലെ യുഎസിന്റെ വ്യോമമേഖലയാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്ന ഗുരുതര ആരോപണമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാന്റെ ജനറലായ ബഗേരി ഉന്നയിച്ചിരിക്കുന്നത്.
ഈ നിയമലംഘനത്തിന് വലിയ വിലകൊടുക്കേണ്ടി വരും എന്ന ഭീഷണിയും ഇറാന്‍ മുഴക്കിയിട്ടുണ്ട്. നിയമപരമായും ഇറാനെതിരെ മുന്നോട്ടുപോകുമെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാഖില്‍ യുഎസ് സൈന്യത്തിനായി അനുവദിച്ചിട്ടുള്ള വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. വളരെ ഗുരുതരമായ ആരോപണമാണ് ഇറാന്‍ ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണമാണിത്. യുഎസിന്റെ സൈനിക താവളത്തില്‍ നിന്നാണ് ലോങ് റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ ഇസ്രയേല്‍ ഇറാനിലേക്ക് തൊടുത്തുവിട്ടതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
മിസൈലുകള്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെന്നും ജനറല്‍ ബഗേരി അവകാശപ്പെട്ടു. ഇറാന്റെ യുദ്ധവിമാനം ഇറാന്റെ വ്യോമമേഖലയില്‍ കടക്കുന്നതിനെ തടഞ്ഞെന്നും ഇറാന്‍ അറിയിച്ചു.
അതിനിടെ, ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്.
ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യവും ഇറാന് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 1 ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്റാന് സമീപം നിരവധി സ്ഫോടനങ്ങളുണ്ടായത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
തെഹ്‌റാന്‍ കൂടാതെ, സമീപ നഗരമായ കറാജിലെ താമസക്കാരും സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമങ്ങളോട് പറഞ്ഞു. ഇമാം ഖൊമേനി ഇന്റര്‍നാഷണല്‍ വിമാനത്താവളം, മെഹ്‌റാബാദ് എയര്‍പോര്‍ട്ട്, തെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എണ്ണ ശുദ്ധീകരണശാല തുടങ്ങിയ നിര്‍ണായക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ പോകുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ അറിയിച്ചത്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ആക്രമണമെന്നായിരുന്നു ഇസ്രായേലിന്റെ ന്യായീകരണം. ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ഇസ്രായേലി പൗരന്മാരോട് ജാഗ്രതയോടെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം തെഹ്റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ വ്യക്തമാക്കി. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തെഹ്റാന്‍ ലക്ഷ്യമാക്കി എത്തിയ ഇസ്രയേലിന്റെ മിസൈലുകളെ തകര്‍ത്തതായി അല്‍ മയാദീന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലാണ് ഐഡിഎഫ് ആദ്യ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തെഹ്റാനു നേരെയുണ്ടായ ആക്രമണങ്ങള്‍ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മിസൈലുകളെയും തകര്‍ത്തതായാണ് അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്റെ രക്ഷക്കെത്തിയത് റഷ്യയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യ , ഇറാന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യ സ്വഭാവമുള്ള ആക്രമണ തീരുമാനം ചോര്‍ന്നത് ഇസ്രയേലിന്റെ ഉറക്കം കെടുത്തും. റഷ്യ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണത്തെ പ്രതിരോധിക്കാനും ആള്‍നാശവും നാശനഷ്ടങ്ങളും കുറയ്ക്കാനും ഇസ്രയേലിനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന്റെ ആക്രമണ പ്രഖ്യാപനത്തിനു മുമ്പ് തന്നെ ഇറാന് റഷ്യ വിവരം ചോര്‍ത്തി നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.