വൈദേശിക ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാന്‍

രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും അതിര്‍ത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്നത് യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51ന്റെ നഗ്‌നമായ ലംഘനമാണെന്നും ഇറാന്‍ വ്യക്തമാക്കി.

author-image
Prana
New Update
iran

ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം വിദേശശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും അതിര്‍ത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്നത് യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51ന്റെ നഗ്‌നമായ ലംഘനമാണെന്നും ഇറാന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കും. മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം ഓര്‍മിപ്പിച്ചു. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച രാഷ്ട്രങ്ങളെ ഇറാന്‍ അഭിനന്ദിച്ചു.
മേഖലയിലെ അസ്വസ്ഥതക്കും സംഘര്‍ഷത്തിനും കാരണം ഇസ്രായേല്‍ തുടരുന്ന അധിനിവേശവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമാണ്. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയും ലബനാനില്‍ നടത്തുന്ന ആക്രമണങ്ങളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമേരിക്കയുടെയും മറ്റു ചില പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇസ്രായേല്‍ മേഖലയില്‍ കുഴപ്പം സൃഷ്ടിക്കുന്നതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
ജനീവാ കരാറില്‍ ഒപ്പുവെച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിക്കാന്‍ കൂട്ടുത്തരവാദിത്തമുണ്ട്. ഇസ്രായേലിന്റെ വംശഹത്യാ കുറ്റകൃത്യങ്ങളും യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

iran defence israel airstrike