ഇസ്രയേലിനെ തിരിച്ചടിക്കുമെന്ന് ഇറാൻ ;ബങ്കറിൽ ഒളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രയേല്‍ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയതായാണ് റിപ്പോര്‍ട്ട്.

author-image
Rajesh T L
New Update
nethanyahu

ഇസ്രയേല്‍ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി ഉണ്ടാകും എന്നുറപ്പാണ്. ഇത് മുന്നില്‍ക്കണ്ടാണ്  നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രയേല്‍, ഇറാനില്‍ വ്യോമാക്രമണം നടത്തുമ്പോള്‍, ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇരു നേതാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്രായേല്‍ മാധ്യമമായ ഇസ്രായേല്‍ ഹായോമിനെ ഉദ്ധരിച്ചാണ് 'അല്‍ജസീറ' റിപ്പോര്‍ട്ട് ചെയ്തത്. കിര്‍യയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ സൈനിക മേധാവി ലെഫ്. ജനറല്‍ ഹെര്‍സി ഹാലെവിയാണ് ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനു മേല്‍നോട്ടം വഹിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വ്യോമസേന മേധാവി മേജര്‍ ജനറല്‍ ടോമര്‍ ബാറും ഒപ്പമുണ്ടായിരുന്നു. തെല്‍ അവീവിലെ കിര്‍യയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാന്‍ഡ് കേന്ദ്രത്തില്‍ ഇരുന്ന് ഇരുവരും ആക്രമണനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടുണ്ട്.

ആക്രമണത്തിനു പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, യോവ് ഗാലന്റുമായി ഫോണില്‍ സംസാരിച്ചു. ഇസ്രായേലിന്റെ സ്വയം പ്രതിരോധമാണിതെന്നായിരുന്നു ആക്രമണത്തിനു തൊട്ടുപിന്നാലെ യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പ്രതികരിച്ചത്. ഒക്ടോബര്‍ ഒന്നിനു നടന്ന ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രായേല്‍, ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചത്. കിഴക്കന്‍-പടിഞ്ഞാറന്‍ തെഹ്റാനിലെ സൈനിക താവളങ്ങളും അല്‍ബോര്‍സ് പ്രവിശ്യയിലെ കറാജ് നഗരത്തിലുള്ള ആണവനിലയങ്ങളും ലക്ഷ്യമിട്ടാണ് മണിക്കൂറുകള്‍ നീണ്ട ആക്രമണം നടന്നതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍, സൈനിക താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഐഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. എന്നാല്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണശ്രമം തകര്‍ത്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക താവളങ്ങളിലൊന്നും മിസൈലുകള്‍ പതിച്ചിട്ടില്ലെന്നും ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ സംബന്ധിച്ച വിവരങ്ങള്‍ യുഎസ് അധികൃതര്‍ പ്രസിഡന്റ് ജോ ബൈഡനോടും പ്രസിഡന്റ് കമല ഹാരിസിനോടും വിശദീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ആക്രമണത്തില്‍ പങ്കില്ലെന്നാണ് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയത് ശത്രുക്കള്‍ തമ്മിലുള്ള ആക്രമണമാണെന്നാണ് യുഎസ് പ്രതികരിച്ചത്. തിരിച്ചടിക്കെതിരെ യുഎസ് ഇറാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ഇങ്ങനെയാണ് ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ സൈന്യം പ്രതികരിച്ചത്. ഏതു തിരിച്ചടിയും നേരിടാന്‍ തയാറാണെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്നാണ് യുഎസ് അധികൃതര്‍ വ്യക്തമാക്കിയത്. ഇറാനു നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാന് നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.

iran Benjamin Netanyahu iran israel conflict iran attack iran israel war news