ഇറാന്റെ ശത്രു അധികാരത്തില്‍! ഇന്ത്യ-ഇറാന്‍ ബന്ധം ഇനി എങ്ങനെ?

പെസെഷ്‌കിയാന്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ഖമേനി ശ്രമിച്ചിരുന്നു. പെസെഷ്‌കിയാനെ രാജ്യത്തിന്റെ ശത്രു എന്നാണ് ഖമേനി വിശേഷിപ്പിച്ചത്. മാത്രമല്ല, പെസെഷ്‌കിയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബഹിഷ്‌കരിക്കാനും പരോക്ഷമായി ഖമേനി ആഹ്വാനം ചെയ്തിരുന്നു

author-image
Rajesh T L
Updated On
New Update
india iran relation
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലോകം മാറുന്നു, ഒപ്പം ഇറാനും. യാഥാസ്ഥിതികരെ പുറത്താക്കി ഇറാന്‍ ജനത തങ്ങളുടെ നിലപാടു വ്യക്തമാക്കി. മതരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ടമാണ് വേണ്ടെതെന്നും ഇറാന്‍ ജനത പ്രഖ്യാപിച്ചിരിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇറാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. 

തിരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ത്ഥി മസൂദ് പെസെഷ്‌കിയാനാണ് വിജയിച്ചത്. ജൂണ്‍ 28 നാണ് ഇറാനില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും വോട്ടെടുപ്പ് നടത്തിയത്. 

വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസെഷ്‌കിയാന് 1.6 കോടി വോട്ടുകളാണ് ലഭിച്ചത്. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളും കിട്ടി. ഹൃദയശസ്ത്രക്രിയ വിദഗ്ധനും ദീര്‍ഘകാല എംപിയുമാണ് പെസെഷ്‌കിയാന്‍. 

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

കുറച്ചുവര്‍ഷങ്ങളായി ഇറാനിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പില്‍ 48% പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. ഈ മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് വെറും 41% പേര്‍ മാത്രമായിരുന്നു.

പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? നിരവധി വെല്ലുവിളികളുണ്ട്. ജനങ്ങള്‍ മതച്ചട്ടക്കൂടില്‍ നിന്ന് രാജ്യം വഴിമാറി നടക്കണം എന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, അതുകൊണ്ടു മാത്രം ഇറാനില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നില്ല. പരിഷ്‌കരണ വാദിയായ മസുദ് പെസെഷ്‌കിയാന് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികള്‍ തന്നെയാണ്. പ്രസിഡന്റിന്റെ അധികാരം പരിമിതമാണ്. രാജ്യത്തിന്റെ പരമാധികാരിയായ ആയത്തുള്ള അലി ഖമേനിയുടെ നിയന്ത്രണത്തിലാണ് ഇറാന്‍ ഭരണം. അന്തരിച്ച ഇബ്രാഹിം റെയ്‌സി, ഖമേനിയുടെ വിനീതവിധേയനായിരുന്നു. 

പെസെഷ്‌കിയാന്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ഖമേനി ശ്രമിച്ചിരുന്നു. പെസെഷ്‌കിയാനെ രാജ്യത്തിന്റെ ശത്രു എന്നാണ് ഖമേനി വിശേഷിപ്പിച്ചത്. മാത്രമല്ല, പെസെഷ്‌കിയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബഹിഷ്‌കരിക്കാനും പരോക്ഷമായി ഖമേനി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ജനങ്ങള്‍ നിലവിലെ ഇറാന്‍ ഭരണത്തെ വെറുക്കുന്നു എന്നു വ്യക്തം. പെസെഷ്‌കിയന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്. ഖമേനിയും പെസെഷ്‌കിയാനും തമ്മിലുളള അഭിപ്രായ ഭിന്നത ഇറാനെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുമോയെന്നു കണ്ടറിയണം.

പുതിയ പ്രസിഡന്റ് അധികാരത്തില്‍ എത്തുമ്പോള്‍ ഇറാന്‍-ഇന്ത്യ ബന്ധത്തെ അതെങ്ങനെ ബാധിക്കും? ഇറാന്റെ ആഭ്യന്തര അന്താരാഷ്ട്ര നിലപാടുകളില്‍ മാറ്റം വേണമെന്നു ശക്തമായി വാദിക്കുന്നയാളാണ് പെസെഷ്‌കിയാന്‍. 

ചരിത്രപരമായി തന്നെ ഇന്ത്യയും ഇറാനും തമ്മില്‍ സാമ്പത്തിക സഖ്യം നിലനില്‍ക്കുന്നുണ്ട്. പെസെഷ്‌കിയാന്റെ ഭരണത്തില്‍ ഈ സഖ്യം ശക്തമാകാനാണ് സാധ്യത. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന തന്ത്രപ്രധാനമായ ചബ്ബഹാര്‍ തുറമുഖ പദ്ധതി പുതിയ ഭരണത്തിലും തടസ്സമില്ലാതെ മുന്നോട്ടു പോകും. ഇതു മാത്രമല്ല, ഷാഹിദ് ബഹേഷ്ടി പോര്‍ട് ടെര്‍മിനലിനായി 120 മില്യന്‍ ഡോളറും ഇറാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 250 മില്യന്‍ ഡോളറും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയിലിന്റെ മുഖ്യ സ്രോതസ്സാണ് ഇറാന്‍. പടിഞ്ഞാറാന്‍ രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കേ, കുറഞ്ഞ വിലയില്‍ കൂടുതല്‍ ക്രൂഡോയില്‍ ഇറാനില്‍ നിന്ന് ലഭ്യമാക്കാനാവും എന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. 

എന്തായാലും പെസെഷ്‌കിയാന്റെ നിലപാടുകളും ഇറാന്റെ മുന്നോട്ടുള്ള യാത്രയും സൂക്ഷമമായി നിരീക്ഷിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.

 

india Iran President iran presidential election iran