പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മന്ത്രിസഭയെ പൂര്‍ണമായി അംഗീകരിച്ച് ഇറാന്‍ പാര്‍ലമെന്റ്. 2001ന് ശേഷം ആദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്റിന്റെ ക്യാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് നടന്ന വോട്ടെടുപ്പിലാണ് 19 അംഗങ്ങളും അംഗീകരിക്കപ്പെട്ടത്.
ഇതോടെ ഇറാന്റെ വിദേശകാര്യമന്ത്രിയായി അബ്ബാസ് അരഗ്ച്ചി ചുമതലയേറ്റു. 2015ല്‍ ലോകശക്തികളുമായി ആണവ കരാര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ട ഇറാനിയന്‍ ചര്‍ച്ചാ സംഘത്തിലെ അംഗം കൂടിയായിരുന്നു അരഗ്ച്ചി. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ അസിസ് നസീര്‍സദേയെ ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. 288 പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് 281 വോട്ടുകള്‍ നേടിയാണ് അസിസ് വിജയിച്ചത്. 2018 മുതല്‍ 2021 വരെ ഇറാനിയന്‍ വ്യോമ സേനാ മേധാവിയായി അസിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
231 വോട്ടുകള്‍ നേടിയ ഫര്‍സാനേ സദേഗാണ് ക്യാബിനറ്റിലെ ഏക വനിതാ മന്ത്രി. ഭവന, റോഡ് മന്ത്രിയായി നിയമിക്കപ്പെട്ട ഫര്‍സാനേ ഈ പതിറ്റാണ്ടിലെ ആദ്യത്തെ വനിതാ മന്ത്രിയാണ്. നിര്‍ദിഷ്ട മന്ത്രിമാരെ ഒഴിവാക്കുന്നത് ഇറാന്‍ പാര്‍ലമെന്റിലെ സാധാരണ രീതിയായിരുന്നു. നേരത്തെ, തന്റെ എല്ലാ മന്ത്രിമാര്‍ക്കും വിശ്വാസവോട്ട് ലഭിച്ച പ്രസിഡന്റ് മുഹമ്മദ് ഖതാമിയായിരുന്നു.