ടെൽ അവിവ്: ഇസ്രയേലിൽ ഇറാൻറെ മിസൈൽ അക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകണമെന്നുമാണ് നിർദ്ദേശം. സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാൻ ജനങ്ങൾക്ക് ഇസ്രയേലും നിർദ്ദേശം നൽകിയിരുന്നു.
ടെൽ അവീവിലെ ഇന്ത്യൻ എംബസി പങ്കുവെച്ച എമെർജൻസി നമ്പറുകൾ +972-547520711, +972-543278392 ഇവയാണ്.
ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാൻ അയച്ചത്. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്തു.
ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടർന്ന് നിർത്തിവെച്ചു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സുമായി ചേർന്ന് മിസൈൽ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു. ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിച്ചിരുന്നു.