കഴിഞ്ഞ ദിവസം രണ്ടു സംഭവങ്ങളാണ് പശ്ചിമേഷ്യയില്‍ ഉണ്ടായത്. ഒന്നൊരു അസാധാരണ സംഭവം. നെതന്യാഹുവിന്റെ ഒരു സന്ദേശം. ഇറാന്‍ ജനതയോടാണ്. ഇറാന്റെ വിമോചനം ഉടന്‍ ഉണ്ടാവും എന്നാണ് അല്പം അഹന്ത കലര്‍ന്ന ശരീരഭാഷയില്‍ നെതന്യാഹു ഇറാനിയന്‍ ജനതയോട് പറയുന്നത്.
ആദ്യമായാണെന്നു തോന്നുന്നു ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹു സംസാരിച്ചത്. ഇറാന്‍ ജനതയെ ചിലര്‍ അടിമകളാക്കി വച്ചിരിക്കുന്നു. അവരില്‍ നിന്ന് ഇറാനെ മോചിപ്പിക്കും. ഇറാനും ഇസ്രയേലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഒരു നല്ലകാലം വരും. ഇതായിരുന്നു നെതന്യാഹുലിന്റെ സന്ദേശം.
പിന്നാലെ മറ്റൊരു വാര്‍ത്തയും എത്തി. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചു. ഇസ്മയില്‍ ഹനിയയുടെ കൊലപാതകം ഇറാനേറ്റ വലിയൊരു പ്രഹരമായിരുന്നു. അതിന്റെ മുറവുണങ്ങിയിരുന്നില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചടിയുണ്ടായില്ല. എല്ലാം തണുത്തുറഞ്ഞോ, ഇറാന്‍ എല്ലാം മറന്നോ എന്ന തോന്നലില്‍ ലോകം എത്തി നില്‍ക്കുമ്പോഴാണ് ഹിസ്ബുള്ളയെയും ലബനനെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ മുന്നോട്ട് പോയത്. ലെബനനില്‍ ഇസ്രയേല്‍ കരയാക്രമണവും തുടങ്ങിയിരുന്നു. അതിനിടെയാണ്, തികച്ചും അപ്രതീക്ഷിതം എന്നു പറഞ്ഞുകൂടാ, എന്നാല്‍ പെട്ടെന്നാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്.
ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യം വച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തത്.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍ ിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.
ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രയേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രിയില്‍ വെടിവയ്പ്പുണ്ടായി. വടിവെപ്പില്‍ എട്ട് പേരാണ് മരിച്ചത്.
ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ആയുധങ്ങളുമായി ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്.
ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹുവിന്റെ പതികരണവും വന്നു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരും. നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകും. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍, തുടര്‍ന്നും പ്രതികരണം ഉണ്ടാകും. ഇറാന്‍ വ്യക്തമാക്കി.
യുഎസിനും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും ശത്രുതാപരമായ നടപടികളില്‍ അമേരിക്ക ഇടപെട്ടാല്‍ ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യമിടുമെന്നായിരുന്നു യുഎസിനുള്ള മുന്നറിയിപ്പ്.
അതിനിടെ, ഇറാനെതിരെയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യുഎസ് സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനു പിന്തുണയുമായി മധ്യപൂര്‍വദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്.
ഇസ്രയേലിനെതിരെ ഇറാന്‍ ബാലസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിനു പിന്നാലെ ലബനന്‍ തെരുവില്‍ ആഹ്‌ളാദ പ്രകടനം നടന്നു. ബെയ്‌റൂട്ടില്‍ ആളുകള്‍ പടക്കങ്ങള്‍ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു. ലോകം ആശങ്കയിലും ഭീതിയിലുമാണ്. ഇത് എത്രകാലം തുടരുമെന്നോ, എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നോ പ്രവചിക്കാനാവില്ല.