ഇറാന്‍ പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഏറെ സങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇബ്രാഹിം റെയ്‌സിയുടെ അപകട മരണത്തെ തുടര്‍ന്നാണ് ഇറാന്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 61.5 ദശലക്ഷം പൗരന്മാരാണ് വോട്ടവകാശം രേഖപ്പെടുത്തുന്നത്. എന്നാല്‍, ലക്ഷക്കണക്കിന് പൗരന്മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തങ്ങള്‍ക്ക് വിധേയത്തമുള്ള പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോളിംഗില്‍ ക്രമക്കേടുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇറാന്‍ ജനത തിരഞ്ഞെടുപ്പുകളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 41 ശതമാനത്തില്‍ താഴെയായിരുന്നു പോളിംഗ്. തലസ്ഥാനമായ തെഹ്‌റാനിലെ പോളിംഗ് വെറും പത്തു ശതമാനമായിരുന്നു. ഇതാണ് ഇറാനിലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളി.
രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കാണ് ജയസാധ്യതയുള്ളത്. രണ്ടു പേരും യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരാണ്. ഭരണ പരിചയമില്ലാത്ത ഇറാന്റെ മുന്‍ ന്യൂക്ലിയര്‍ നെഗോഷിയേറ്റര്‍ ജലീലിയാണ് ഒരു സ്ഥാനാര്‍ത്ഥി. പാര്‍ലമെന്റില്‍ സ്പീക്കറായ മുഹമ്മദ് ബാഗര്‍ ഖ്വാലിബാഫ് ആണ് മറ്റൊരു സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പിനു മുമ്പുള്ള പ്രക്രിയയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം ഇവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയന്‍ സ്ഥാനാര്‍ത്ഥിയായി എത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്്. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനാണ് മസൂദ്.
2015 ലെ ആണവക്കരാറിന്റെ സൂത്രധാരകനാണ് ജലീലി. കിഴക്കന്‍ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിലൂടെ പശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് ജലീലി കരുതുന്നത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്നൊക്കെയുള്ള തികച്ചും യാഥാസ്ഥിതികമായി ചിന്തിക്കുന്നയാളാണ് ജലീലി. ആണവകരാറില്‍ മാറ്റം കൊണ്ടുവരണം എന്ന പക്ഷക്കാരനാണ് ഖ്വലിബാഫ്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി വളര്‍ച്ചയിലേക്ക് രാജ്യത്തെ എത്തിക്കണം എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോള്‍, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഖ്വലിബാഫിനു മേല്‍ ജലീലി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്്. പരിഷ്‌കരണവാദിയായ മസൂദിന്റെ സ്ഥാനാര്‍ത്ഥിത്വം തടയുന്നതിന് ഖ്വലിബാഫ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം എന്നാണ് ജലീലി ആവശ്യപ്പെടുന്നത്. മസൂദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എങ്ങനെയും തടയാനുള്ള ശ്രമത്തിലാണ് ഇറാനിയന്‍ ഭരണകൂടം. ഏറ്റവും ഒടുവില്‍ മസൂദിന്റെ റാലി ഭരണകൂടം തടഞ്ഞിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മസൂദിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ ഇറാനിനെ അമേരിക്കയുടെ വഴിയിലേക്കു നയിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഖമേനി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. പശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കണം എന്ന പക്ഷക്കാരനാണ് മസൂദ്. ഇതിനെ യാഥാസ്ഥിതികര്‍ ശക്തമായി എതിര്‍ക്കുകയാണ്.
ഇറാനിലെ പരിഷ്‌കരണവാദികള്‍ യാഥാസ്ഥിതികരുടെ ഭരണം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഇറാനെ മതരാഷ്ടമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പരിഷ്‌കരണവാദികളെ അതിശക്തമായി എതിര്‍ക്കുന്നുമുണ്ട്്. എന്തായാലും ഇറാന്‍ അതിസങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.