ട്രംപ് വധശ്രമത്തിന് പിന്നില്‍ ഇറാന്‍; തെളിവ് പുറത്തുവിട്ട് അമേരിക്ക

തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കയില്‍ ഡെണാള്‍ ട്രംപിന് നേരെ രണ്ട് പ്രാവശ്യമാണ് വധശ്രമം ഉണ്ടായത്. ഈ രണ്ടു പ്രാവശ്യവും അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

author-image
Rajesh T L
New Update
jhg

തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കയില്‍ ഡെണാള്‍ ട്രംപിന് നേരെ രണ്ട് പ്രാവശ്യമാണ് വധശ്രമം ഉണ്ടായത്. ഈ രണ്ടു പ്രാവശ്യവും അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുന്ന കാഴ്ചയാണ് പീന്നീട് കണ്ടത.്

ഇപ്പോഴിതാ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഇറാന്‍ ആണെന്ന വിവരങ്ങളാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. ഇതു സംബന്ധമായി ഇറാന് മുന്നറിയിപ്പ് നല്‍കണമെന്ന് ജോ ബൈഡന്‍ വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. 

മുന്‍ഗാമിയുടെയോ മറ്റേതെങ്കിലും മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്റെയോ ജീവന് നേരെയുണ്ടാകുന്ന ഭീഷണി അമേരിക്കയ്ക്ക് എതിരായ യുദ്ധമായി കണക്കാക്കും എന്ന സന്ദേശമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇറാന് നല്‍കാന്‍ പോകുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ ജോ ബൈഡന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇറാനില്‍ നിന്ന് ജീവന് 'ഭീഷണിയുണ്ടെന്ന് കഴിഞ്ഞ മാസം അവസാനം ട്രംപ് അവകാശപ്പെട്ടിരുന്നു. അടുപ്പിച്ച് തനിക്കെതിരെ നടന്ന രണ്ട് കൊലപാതക ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം ഒരു പ്രതികരണം അമേരിക്കന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് നടത്തിയത്. 

ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ വച്ചും, സെപ്റ്റംബറില്‍, ഫ്‌ളോറിഡയിലെ തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വച്ചുമാണ്, ട്രംപിന് നേരെ വധശ്രമം നടന്നത്. ഇതില്‍ ഇറാന്‍ ഉള്‍പ്പെടാം, അല്ലെങ്കില്‍ ഉള്‍പ്പെടാതിരിക്കാം എന്നാണ് ട്രംപിന്റെ നിലപാട്.

ട്രംപിനെ കൊല്ലാനും രാജ്യത്ത് അരാജകത്വം വിതയ്ക്കാനുമുള്ള ഇറാന്റെ പദ്ധതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ ഇന്റലിജന്‍സ് പ്രതിനിധികളുമായി ട്രംപിന്റെ ടീം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് ട്രംപ് പ്രതികരിച്ചത്. 

ട്രംപിനെ കൊല്ലാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകമാണെന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. 2020 ജനുവരിയിലായിരുന്നു ഈ സംഭവം. ഇതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്ന വധശ്രമമെന്നാണ് ട്രംപിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംശയിക്കുന്നത്. ഈ വാദം മുഖവിലയ്ക്ക് എടുത്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ഇസ്രയേല്‍ അനുകൂലിയും ഇറാന്‍ വിരോധിയുമായ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ അത് ഇറാനെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. പ്രസിഡന്റ് ആരായാലും അമേരിക്കന്‍ പോളിസി മാറില്ലെങ്കിലും മറ്റാരായാലും ട്രംപിനേക്കാള്‍ ഭേദമാണെന്ന വിലയിരുത്തലിനാണ് ഇറാന്‍ അനുകൂലികള്‍ക്കുള്ളത്. മാത്രമല്ല, എല്ലാ കൊലപാതകങ്ങള്‍ക്കും എത്ര വൈകിയായാലും പ്രതികാരം ചെയ്യുമെന്നതും ഇറാന്റെ പ്രഖ്യാപിത നയമാണ്. ലോകമെങ്ങും നെറ്റ് വര്‍ക്കുള്ള നിരവധി സംഘങ്ങളുമായി ഇറാന് ബന്ധമുള്ളതിനാല്‍ ഒരു സാധ്യതയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.

iran donald trump usa assassination