ന്യൂയോർക്ക്: ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ഇന്ന് ആക്രമണം നടത്തുമെന്ന് ജി7 അംഗരാജ്യങ്ങളെ അറിയിച്ച് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ.സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് ആൻ്റണി ബ്ലിങ്കൻ ജി 7 വിദേശകാര്യ മന്ത്രിമാരുമായി ഒരു കോൺഫറൻസ് കോൾ വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്.
അതെസമയം ഇസ്രായേൽ അതിർത്തി കടന്നുള്ള ഇറാൻ്റെ ആക്രമണം തടയാൻ, ഇറാനിൽ മുൻകരുതൽ ആക്രമണത്തിന് അനുമതി നൽകാൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് അനുമതി നൽകിയേക്കാമെന്ന് ഇസ്രായേലിന്റെ പ്രമുഖ ദിനപത്രമായ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെതന്യാഹു വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവിയും ഇസ്രായേലിലെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദിൻ്റെയും ഷിൻ ബെറ്റിൻ്റെയും തലവൻമാരായ ഡേവിഡ് ബാർണിയ, റോണൻ ബാർ എന്നിവരുൾപ്പെടെ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേൽ പ്രദേശത്തേക്ക് ഹിസ്ബുള്ള കൂടുതൽ വ്യാപ്തിയിലുള്ള ആക്രമണം വർദ്ധിപ്പിക്കുമെന്ന് ഇറാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.ഹിസ്ബുള്ളയുടെ മുതിർന്ന സൈനിക കമാൻഡറായ ഫുആദ് ഷുക്കറിനെ ഇസ്രായേൽ അടുത്തിടെ വധിച്ചിരുന്നു. ഇതാണ് ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാക്കിയത്. ജൂലൈ 30ന് തെക്കൻ ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള ജനവാസ മേഖലയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിലാണ് ഷുക്കറിനെയും അഞ്ച് സാധാരണക്കാരും കൊല്ലപ്പെടുത്തിയത്.
ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വച്ച് കൊലപ്പെടുത്തിയത് ഇറാൻ-ഇസ്രയേൽ സംഘർഷവും രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഗാസ യുദ്ധത്തിന് പിന്നാലെ മാസങ്ങളായി തുടരുന്ന ഹിസ്ബുള്ള-ഇസ്രായേൽ ഏറ്റുമുട്ടലുകൾ തുറന്ന യുദ്ധത്തിലേയ്ക്ക് വഴിമാറുന്നുവെന്ന ആശങ്കകൾ ശക്തമാകുന്നത്.ഹിസ്ബുള്ളയ്ക്കും ഇസ്രായേലിനും ഇടയിലെ സംഘർഷം ശക്തമാകവെ ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ എംബസികൾ അവരുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിനെതിരെ നിഴൽയുദ്ധം നടത്തുന്നതിനായി ഇറാന്റെ പിന്തുണയിൽ 1980ൽ രൂപീകരിക്കപ്പെട്ട സായുധ സംഘമാണ് ഹിസ്ബുള്ള. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് ഹിസ്ബുള്ളയ്ക്ക് ധനസഹായവും ആയുധവും നൽകുന്നതെന്നും ആരോപണമുണ്ട്. ഇറാന്റെ ഷിയാ ആശയം പിന്തുടരുന്ന ലെബനനിലെ മുസ്ലിം വിഭാഗത്തിൽ നിന്നാണ് ഹിസ്ബുള്ള അവരുടെ പോരാളികളെ റിക്രൂട്ട് ചെയ്യുന്നത്.