വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കുകയും അതുപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുള്ള കേസില്‍ മലയാളി ന്യായാധിപന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ടെക്‌സസ് സംസ്ഥാനത്തെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജാണ് അറസ്റ്റിലായ മലയാളി.
2022ല്‍ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ എതിരാളിയായ ട്രെവര്‍ നെല്‍സിനെ പരാജയപ്പെടുത്താനായി ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കുകയും അതിലൂടെ വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെന്നുമുള്ള കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്.
അന്റോണിയോ സ്‌കേലിവാഗ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്നാണ് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ പ്രതി നിരന്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ്, റിപ്പബ്ലിക്കന്‍ എതിരാളിയായ ട്രെവര്‍ നെല്‍സിനെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം ജോര്‍ജിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരന്‍ തരല്‍ പട്ടേലാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതോടൊപ്പം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യേണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും തരലും ജോര്‍ജും തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജോര്‍ജിനെ 1000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. തനിക്കെതിരെയുള്ള ഈ നടപടിയില്‍ നിരാശയുണ്ടെന്നും എല്ലാ സത്യങ്ങളും കോടതിയെ അറിയിക്കുമ്പോള്‍ തനിക്ക് നീതി ലഭിക്കുമെന്നും കെ.പി.ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. തന്റെ രാജി പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോടാണ് കെ.പി.ജോര്‍ജിന്റെ സ്വദേശം. യുഎസിലേക്ക് കുടിയേറിയത് 1993ലാണ്.