ഗ്രാമവാസികൾ ഉറക്കത്തിൽ, നാശം വിതച്ച് അഗ്നിപർവ്വതസ്ഫോടനം ; നിരവധി മരണം

ഗ്രാമവാസികൾ ഉറക്കത്തിലായ സമയത്ത് അഗ്നിപർവ്വതസ്ഫോടനം. വീടുകളിലേക്ക് തെറിച്ചെത്തിയത് അഗ്നി ഗോളങ്ങൾ. വീടുകൾ കത്തിക്കരിഞ്ഞതിന് പിന്നാലെ ചാരം മൂടി ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിച്ചത്.

author-image
Vishnupriya
New Update
fhrgj

 


ജക്കാർത്ത: ഗ്രാമവാസികൾ ഉറക്കത്തിലായ സമയത്ത് അഗ്നിപർവ്വതസ്ഫോടനം. വീടുകളിലേക്ക് തെറിച്ചെത്തിയത് അഗ്നി ഗോളങ്ങൾ. വീടുകൾ കത്തിക്കരിഞ്ഞതിന് പിന്നാലെ ചാരം മൂടി ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. രണ്ട് കിലോമീറ്ററോളം ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിന് ഇരയായത്.

നിരവധി വീടുകൾ അഗ്നിക്കിരയായി. ഇതിൽ കത്തോലിക്കാ കന്യാസ്ത്രീകൾ തങ്ങിയിരുന്ന ഒരു കോൺവെന്റും കത്തിനശിച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയും മാലിന്യവും മൂടിയ നിലയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ഇതിനോടകം പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്. അഗ്നിപർവ്വതം പുക ചീറ്റി തുടങ്ങിയ സമയത്ത് കുറച്ച് ഗ്രാമവാസികൾ ഇവിടെ നിന്ന് മാറി താമസിച്ചതാണ് മരണ സംഖ്യ കുത്തനെ വർധിക്കാതിരിക്കാൻ സഹായിച്ചതെന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അഗ്നിരക്ഷാ സേനാംഗം യൂസഫ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് .ചാരം മൂടി തകർന്ന 
 വീടുകൾക്കിടയിൽ കൂടുതൽ ആളുകളുണ്ടോയെന്നും മൃതദേഹങ്ങൾ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് നിലവിൽ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. വുലാഗിംതാഗ് ജില്ലയിലെ ആറ് ഗ്രാമങ്ങളെയും ബുറ ജില്ലയിലെ നാല് ഗ്രാമങ്ങളെയുമാണ് അഗ്നി പർവ്വത സ്ഫോടനം സാരമായി ബാധിചിരിക്കുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്. മേഖലയിലെ ബാധിക്കപ്പെട്ടവർക്കായി താൽക്കാലിക സജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രാദേശിക ഭരണകൂടം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് വലിയ രീതിയിലുള്ള ലാവാ പ്രവാഹം ആരംഭിച്ചതെന്നാണ് വോൾക്കാനോ മോണിറ്ററിംഗ് ഏജൻസി വിശദമാക്കുന്നത്. പെട്ടന്നായിരുന്നു വലിയ രീതിയിലുള്ള സ്ഫോടനമുണ്ടായതെന്നാണ് വിലയിരുത്തൽ.

കന്യാസ്ത്രീകൾ അടക്കം നിരവധി പേരെയാണ് മേഖലയിൽ കാണാതായിട്ടുള്ളത്. ലാവാപ്രവാഹത്തിൽ നിന്ന് രക്ഷതേടി ഇരുട്ടിൽ ചാരം മൂടിയ അവസ്ഥയിൽ ദിശമാറി ഓടിയവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല. ടൺ കണക്കിന് അഗ്നിപർവ്വത മാലിന്യം മൂടിയ നിലയിലുള്ള ഗ്രാമങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസാ ടെങ്കാര പ്രവിശ്യയിലാണ് ഇവിടമുള്ളത്.

volcano eruption Indonesia