കിര്‍ഗിസ്ഥാന്‍ തലസ്ഥാനത്ത് വിശേദ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ആള്‍ക്കൂട്ട ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളോട് വീടുകളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ കിര്‍ഗിസ് വിദ്യാര്‍ഥികളും വിദേശ വിദ്യാര്‍ഥികളും തമ്മില്‍ നടന്ന വന്‍ ഏറ്റുമുട്ടലില്‍ നാല് പാകിസ്ഥാന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും കിര്‍ഗിസ് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ എംബസി എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും എംബസി നിര്‍ദേശിച്ചു. കിര്‍ഗിസ്ഥാനിലെ വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കിയിട്ടുണ്ട്.