ന്യൂഡൽഹി: ഒമാൻ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തെ എണ്ണക്കപ്പൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവുമാണ് നിയോഗിച്ചിട്ടുള്ളത്.
ഒമാൻ ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് എണ്ണക്കപ്പൽ മറിഞ്ഞതെന്ന് മാരിടൈം സെക്യൂരിറ്റി സെൻറർ നൽകുന്ന വിവരം. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആഫ്രിക്കൻ ദ്വീപായ കൊമോറോസിൻറെ പതാകയാണ് കപ്പലിലുണ്ടായിരുന്നത്.