ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള (ഐഎസ്എസ്) യാത്രയ്‌ക്കായി ആദ്യമായി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ യാത്രികരുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമാകുന്നത്.ഈയാഴ്ച ഇവരുടെ പരിശീലനം ആരംഭിക്കുമെന്നാണ് വിവരം.
ശുഭാൻശു ശുക്ലയെ പ്രാഥമിക ദൗത്യത്തിനായുളള പൈലറ്റായും പ്രശാന്തിനെ ബാക്കപ്പ് മിഷൻ പൈലറ്റായുമാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റൻ ശുക്ലയെ കൂടാതെ യുഎസിൽ നിന്നും പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ടിന്റെ സാവോസ് ഉസ്നാൻസ്കി (മിഷൻ സ്‌പെഷ്യലിസ്റ്റ്), ഹംഗറിയിലെ ടിബോർ കപു (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ആക്‌സിയം-4 മിഷൻ ടീമിലുണ്ട്
“ഗഗന്യാത്രി” എന്നറിയപ്പെടുന്ന യാത്രികരുടെ പരിശീലനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ദൗത്യം പതിനാല് ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമാണ് നാസ ആക്‌സിയം -4 ദൗത്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഐഎസ്എസിലേക്ക് ഇന്ത്യൻ യാത്രികന് അവസരം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്‌ളൈറ്റ് സെന്റർ (എച്ച്എസ്എഫ്‌സി), ബഹിരാകാശ ദൗത്യങ്ങളിൽ നാസയുമായി സഹകരണത്തിലുള്ള ആക്സിയം സ്പേസ് ഇൻകോർപറേഷനുമായി യുഎസ്എയുമായി കരാറിൽ ഒപ്പുവെച്ചു.
തുടർന്ന്, ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല (പ്രൈം), ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ (ബാക്കപ്പ്) എന്നിവരെ നാഷണൽ മിഷൻ അസൈൻമെന്റ് ബോർഡ് നിർദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ മൾട്ടിലാറ്ററൽ ക്രൂ ഓപ്പറേഷൻസ് പാനൽ (എംസിഒപി) അംഗീകാരം നൽകിയതോടെയാണ് ഇരുവരും പരിശീലനത്തിലേക്കു കടക്കുന്നത്.
ദൗത്യത്തിനിടെ, ഗഗൻയാൻ യാത്രികൻ ഐഎസ്എസിൽ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണ-സാങ്കേതിക പ്രദർശന പരീക്ഷണങ്ങൾ നടത്തുകയും ബഹിരാകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ഈ ദൗത്യത്തിൽ ലഭിച്ച അനുഭവങ്ങൾ ഗഗൻയാൻ ദൗത്യത്തിനു ഗുണം ചെയ്യുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഐഎസ്ആർഒ-നാസ സഹകരണം ശക്തിപ്പെടുത്തുന്നതുകൂടിയാവും ഈ നീക്കം.