യുദ്ധത്തില്‍ കലങ്ങിമറിഞ്ഞ് പശ്ചിമേഷ്യ തകര്‍ച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കെ നേട്ടങ്ങളുടെ പട്ടിക നിരത്തി മുന്നേറുകയാണ് ഇന്ത്യ. ഇന്ത്യയും യുഎഇയും ചേര്‍ന്ന് രൂപം നല്‍കിയ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 10000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് യുഎഇ.
ആദ്യ വര്‍ഷം 200 കോടി ഡോളര്‍ മാത്രമേ പദ്ധതിയില്‍ നിക്ഷേപമായി എത്തുകയുള്ളൂ. വരും വര്‍ഷങ്ങളില്‍ ഈ നിക്ഷേപം 10,000 കോടി ഡോളര്‍ ആയി ഉയരും. അടുത്ത രണ്ടര വര്‍ഷം കൊണ്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ രംഗത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
യുഎഇയില്‍ നിന്നും നേരിട്ടാണ് 2000 കോടി ഡോളര്‍ നിക്ഷേപം എത്തുന്നത്. ഇതിനു പുറമേ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് യുഎഇ ഇന്ത്യയില്‍ സംയുക്ത നിക്ഷേപം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാത്രമല്ല ഇരു രാജ്യങ്ങളിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതോടൊപ്പം യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനം, ഉല്‍പാദനം, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായാണ് 10,000 കോടി ഡോളറിന്റെ നിക്ഷേപം എത്തുക. ഇതിന്റെ പ്രയോജനം യുഎഇയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികള്‍ക്കും ലഭിക്കും.
ഭക്ഷ്യ പാര്‍ക്കുകളില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും ലോജിസ്റ്റിക്സും ഒരുക്കാനാണ് ഈ നിക്ഷേപം ഉപയോഗിക്കുക. പദ്ധതിപ്രകാരം ഇന്ത്യയിലെ വിവിധ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ യുഎഇയില്‍ എത്തിക്കുകയും ചെയ്യും.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന 12ാമത് ഉന്നതതല കര്‍മ്മസമിതി നിക്ഷേപ യോഗത്തിന് ശേഷമാണ് ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി കേന്ദ്ര വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. യുഎഇയ്ക്ക് പുറത്തേക്കും ഭക്ഷ്യോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കല്‍ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ഓഗസ്റ്റില്‍ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പ്രകാരം ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്നും കൂടുതല്‍ നിക്ഷേപം എത്തും. യുഎഇയിലെ ബിസിനസുകാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനാവും. അതുപോലെ യുഎഇ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഡ്യൂട്ടീ ഫ്രീ വിപണി ഉണ്ടാവുകയും ചെയ്യും. പുതിയ കരാര്‍ പ്രകാരം ഇന്ത്യയിലും യുഎഇയിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും. ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് അതിന്റെ ആദ്യ കാമ്പസ് യുഎഇയില്‍ തുറക്കാനൊരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ള പഴയ ദുബായിലെ മുന്‍ ദുബായ് എക്സ്പോ പവലിയനില്‍ പുതിയ കാമ്പസിന്റെ കോഴ്സുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.