ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത നിലപാടിലേക്ക്. കാനഡയിലെ ഹൈക്കമ്മിഷണറെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അജണ്ട വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇതിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
2023 ജൂണ്‍ 18ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ പുരോഹിതനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനത്തിന് എന്‍.ഐ.എ. ഇയാള്‍ക്കെതിരെ കുറ്റപത്രവും നല്‍കിയിരുന്നു. 1985ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വെച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2022ല്‍ നിജ്ജറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപയാണ് എന്‍.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചത്.